തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ അയല്‍വാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയേയാണ് അയല്‍വാസിയായ മണിയന്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കുത്തിവീഴ്ത്തിയത്. മണിയന്‍ പിടിയിലായി.
എല്ലാ ദിവസവും കാണുന്ന അയല്‍ക്കാര്‍, വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍. പക്ഷെ ഈ കണ്ട ഒറ്റ നിമിഷത്തെ കുത്തില്‍ ആ ബന്ധവും ഒരു ജീവനും അവസാനിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അവസരം ലഭിക്കും മുന്‍പ് ഭാര്യയുടെയും മകളുടെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് ശശിയെന്ന 65 കാരന്‍ ഇല്ലാതായി.
ശശിയുടെ മകളുടെ വീടിനോട് ചേര്‍ന്നാണ് പ്രതിയായ മണിയന്‍റെ വീട്. ഇരുവീട്ടുകാരും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കവും പരാതികളുമുണ്ട്. മണിയന്‍ സര്‍വയറേക്കൊണ്ട് ഭൂമി അളക്കുകയായിരുന്നു ഇന്ന്. അതിനിടയില്‍ മകള്‍ വിളിച്ചതനുസരിച്ചാണ് ശശിയും ഭാര്യയും സ്ഥലത്തെത്തിയതും തര്‍ക്കമുണ്ടായതും. ഇതിനിടെ ഓടിവന്ന് പിന്നില്‍ നിന്ന് മണിയന്‍ കുത്തിവീഴ്ത്തി.
കൊലയ്ക്ക് ശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു മണിയന്‍. പിടികൂടാനായി പൊലീസെത്തിയപ്പോള്‍ അവര്‍ക്ക് നേരെയും കത്തിവീശിയെങ്കിലും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി.