പ്രതീകാത്മക ചിത്രം
ഹോളി ആഘോഷിക്കാനാണെന്ന് പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തി വെടിവച്ചുകൊന്ന് കാമുകിയും യുവാവും. വിവാഹം കഴിക്കാം എന്ന് യുവതി കാമുകന് വാക്കുനല്‍കിയിരുന്നു. എന്നാല്‍ മറ്റൊരാളുമായി യുവതി പ്രണയത്തിലായി. രണ്ടാം കാമുകനുമായി ചേര്‍ന്നാണ് ദില്‍ജിത്ത് എന്ന യുവാവിനെ യുവതി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ഒരു മാസം മുന്‍പ് തന്നെ യുവതിയും യുവാവും ചേര്‍ന്ന് ദില്‍ജിത്തിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്.
ഹോളി ആഘോഷങ്ങള്‍ക്കിടെ കൃത്യം നടപ്പാക്കിയാല്‍ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലായിരുന്നു അവര്‍ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്. ദില്‍ജിത്തിനെ വിവാഹം കഴിക്കാമെന്ന് കാമുകി ഉറപ്പ് നല്‍കിയിരുന്നു. ഹോളിയുടെ അന്ന് ഇയാളെ കാമുകി വീട്ടിലേക്ക് വിളിച്ചുവരുത്തി. വീടിനു വെളിയില്‍ വച്ച് ദില്‍ജിത്തിന്‍റെ നെഞ്ചിലാണ് യുവതിയുടെ പുതിയ കാമുകന്‍ നിറയൊഴിച്ചത്. സ്കൂട്ടറില്‍ സഞ്ചരിക്കുന്ന ദില്‍ജിത്തിനെ ബൈക്കില്‍ പിന്തുടരുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായെന്നും പൊലീസ് വ്യക്തമാക്കി.
മാര്‍ച്ച് 14ന് രാത്രി 11.05നാണ് കൊലപാതകം നടന്നത്. കൃത്യത്തിനു ശേഷം 50 മിനിറ്റുകള്‍ക്കുള്ളില്‍ പ്രതി കൊല നടത്തിയ സ്ഥലത്ത് ഒരു ബാഗുമായി വീണ്ടുമെത്തി. പിന്നീട് ഇയാള്‍ ഒളിവിലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതി പിടിയിലായത്. ദില്‍ജിത്തിന്‍റെ കാമുകിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയിലേക്കും കൊലയ്ക്ക് കൂട്ടുനിന്ന മറ്റൊരു യുവതിയിലേക്കും പൊലീസ് എത്തിയത്. കൊല ചെയ്യാനുപയോഗിച്ച ആയുധമടക്കം കണ്ടെത്താനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.