മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അയല്‍ക്കാരിയായ സ്ത്രീ വിഷം നല്‍കി മകളെ കൊലപ്പെടുത്തിയതാണെന്ന പിതാവിന്‍റെ പരാതിയില്‍ പൊലീസ് 48കാരിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പിതാവ് തടസപ്പെടുത്താന്‍ നോക്കിയതോടെ അന്വേഷണസംഘത്തിന് സംശയമായി.
കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ സംശയം ഇരട്ടിച്ചു . തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. അമ്പത്തിരണ്ടുകാരനായ പിതാവ് കുറ്റം മറച്ചുവയ്ക്കാനാണ് അയല്‍ക്കാരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അയല്‍ക്കാരി കൊണ്ടുവന്ന ഭക്ഷണം കഴിച്ചാണ് കുട്ടി മരിച്ചതെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നും ഇയാള്‍ കഥ മെനഞ്ഞു.
ഭാര്യയ്ക്കും മറ്റു മക്കള്‍ക്കും അയല്‍ക്കാരി നല്‍കിയ ഭക്ഷണം കഴിച്ച് അസ്വസ്ഥതകള്‍ ഉണ്ടായെന്നും പൊലീസിനെ പറഞ്ഞ് ധരിപ്പിച്ചു. അയല്‍ക്കാരി അറസ്റ്റിലായി രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. മാര്‍ച്ച് 12നാണ് കുട്ടി മരണമടഞ്ഞത്. മാര്‍ച്ച് 12ന് പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് മരണം സംഭവിച്ചതെന്നും ബലാത്സംഗം നടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പിന്നാലെ പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ മൂന്നുമണിയോടെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞു.