കണ്ണൂർ കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലപാതകം വ്യക്തി വിരോധമെന്ന് എഫ്.ഐ.ആർ. സന്തോഷിന് രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാൻ കഴിയാതിരുന്നത് വിരോധത്തിന് കാരണമായി. സന്തോഷിന്റെ ഭീഷണിയെ തുടർന്ന് രണ്ടു മാസം മുൻപ് രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതിയും നൽകിയിരുന്നു.
സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. ബി.ജെ.പി കണ്ണൂർ ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണൻ എതിർത്തു. വീടു നിർമാണത്തിന്റെ ചുമതലയിൽ നിന്ന് രാധാകൃഷ്ണൻ സന്തോഷിനെ മാറ്റിയതും വൈരാഗ്യത്തിന് കാരണമായി. ഫോണിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും ഭീഷണി തുടർന്ന സന്തോഷ് ഇന്നലെ രാത്രി 7.10 ഓടെ രാധാകൃഷ്ണൻ നിർമിക്കുന്ന വീട്ടിൽ പതിയിരുന്ന് വെടിവയ്ക്കുകയായിരുന്നു.സന്തോഷിന്റെ അറസ്റ്റ് പരിയാരം പൊലീസ് രേഖപ്പെടുത്തി.
ഫോറൻസിക്ക് സംഘവും, ഡോഗ് സ്ക്വാഡും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണ് സന്തോഷ്. തോക്കു ലഭിച്ച വഴിയും ലൈസൻസും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുണ്ട്.