sooraj-verdict

TOPICS COVERED

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഇന്ന് ശിക്ഷാ വിധി. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനായിരുന്നു സൂരജിനെ കൊന്നത്.  മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം പത്തുപേരാണ് പ്രതികള്‍.

സൂരജിനെ കൊന്ന കേസില്‍ ശിക്ഷാ വിധി വരുന്നത് 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. തുടക്കത്തില്‍ പത്തുപേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്‍റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേര്‍ക്കുകയായിരുന്നു. അതിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍. കേസിലെ അഞ്ചാം പ്രതി. ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും സംഭവശേഷം മരിച്ചിരുന്നു. നിലവില്‍ പത്ത് പ്രതികള്‍ ബാക്കി. ഇതില്‍ ഒന്നാം പ്രതിയാണ് ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. 

ENGLISH SUMMARY:

The judgment in the case of BJP worker Suraj’s murder, which took place in Kannur’s Muzhappilangad, is expected today. The Thalassery District Sessions Court will announce the verdict in a case where CPM workers are accused. Suraj, who had joined BJP after leaving CPM, was allegedly murdered due to political differences. Among the accused are PM Manoj’s brother, Manoraj Narayan, and TP case accused TK Rajeesh, along with eight others.