ഉത്തര്‍പ്രദേശിലെ മീററ്റില്‍ മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ ശേഷം സൗരഭിന്റെ മൃതദേഹം സൂക്ഷിച്ച കവറിന് മുകളിലാണ് ഭാര്യ മുസ്‌കൻ റസ്‌തോഗി കിടന്നുറങ്ങിയത്. തലയും കൈത്തണ്ടയും വെട്ടിമാറ്റിയ ശേഷമാണ് മൃതദേഹം പ്രതികള്‍ ഒളിപ്പിച്ചത്. മുസ്കാനും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് മാര്‍ച്ച് നാലിനാണ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തിയത്. 14 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിക്ക് പുറത്ത് ഒരുകൂട്ടം അഭിഭാഷകര്‍ പ്രതികളെ ആക്രമിച്ചു. ആക്രമത്തില്‍ സാഹിലിന്റെ വസ്ത്രങ്ങൾ കീറി. പോലീസ് ഇടപെട്ടാണ് പ്രതികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മീററ്റിലെ ചൗധരി ചരൺ സിങ് ജില്ലാ ജയിലിലുള്ള മുസ്കാന്‍ കടുത്ത മാനസിക ബുദ്ധിമുട്ട് കാണിച്ചതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്കൂള്‍ സുഹൃത്തുക്കളായിരുന്നു മുസ്കാനും സാഹിലും. വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഒത്തുചേരലില്‍ മീററ്റിലെ മാളില്‍ വച്ചാണ് ഇരുവരും വീണ്ടും കാണുന്നത്. ബന്ധത്തിന് ഭര്‍ത്താവ് തടസമാകുമെന്ന കണക്കുകൂട്ടലിലാണ് സൗരഭിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം സൗരഭിന്റെ മൃതദേഹം സാഹിൽ കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കത്തി ഉപയോഗിച്ച് തലയും തുടർന്ന് കൈപ്പത്തിയും വെട്ടിമാറ്റി.
മൃതദേഹം കഷണങ്ങളാക്കി വിവിധ പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. സൗരഭിന്‍റെ മൃതദേഹം ബാഗിലാക്കി ഡബിള്‍ ബെഡ്ഡിന്റെ ബോക്സിലേക്ക് മാറ്റി. ഇതിന് മുകളിലാണ് മുസ്കാന്‍ ആ ദിവസം രാത്രി ഉറങ്ങിയത്. മൃതദേഹത്തില്‍ നിന്നും മുറിച്ചെടുത്ത തലയും കൈയുടെ ഭാഗങ്ങളും സാഹില്‍ വീട്ടിലേക്ക് കൊണ്ടു പോയി. 24 മണിക്കൂര്‍ ഇവ വീട്ടില്‍ സൂക്ഷിച്ചു എന്നും പൊലീസ് പറഞ്ഞു.
മൃതദേഹം പലഭാഗത്ത് ഉപേക്ഷിക്കാനുള്ള പദ്ധതി മാറ്റിയത് മാര്‍ച്ച് അഞ്ചിനാണ്. ഇതിനായി ഘണ്ടാഘാറില്‍ നിന്നും നീലനിറത്തിലുള്ള ഡ്രം വാങ്ങി. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നും സിമന്‍റ് വാങ്ങി. മുസ്കാന്‍റെ വീട്ടിലെത്തി സൗരഭിന്‍റെ ശരീരം ഡ്രമ്മിലേക്ക് മാറ്റി. അതിനുശേഷം സാഹിൽ തലയും കൈകളും തിരികെ കൊണ്ടുവന്ന് അവയും ഡ്രമ്മിലേക്ക് മാറ്റി. ശേഷം ഡ്രമ്മിലേക്ക് സിമന്‍റ് മിക്സ് ചെയ്ത് മൂടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.