കൊല്ലപ്പെട്ട സൂരജ്
കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണൻ എന്നിവരടക്കം 9 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്ന കേസിലാണ് 19 വർഷങ്ങൾക്ക് ശേഷമുള്ള വിധി. 2-6 വരെയുള്ള പ്രതികൾക്ക് എതിരെ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത കുറ്റവും 7-9 വരെയുള്ള പ്രതികൾക്ക് എതിരെ കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റവുമാണ് തെളിഞ്ഞത്. പതിനൊന്നാം പ്രതി പ്രദീപൻ കുറ്റക്കാരനായത് ഒന്നാം പ്രതിയായിരുന്ന ഷംസുദീനെ ഒളിപ്പിച്ചതിനാണ്. പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു.
ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടർന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോൾ കൊല നടപ്പാക്കി. 32 വയസ്സായിരുന്നു സൂരജിന്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിൻ്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.
തുടക്കത്തിൽ പത്തുപേർക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷിൻ്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേർക്കുകയായിരുന്നു. അതിലൊരാളാണ് കേസിലെ അഞ്ചാം പ്രതി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണൻ. ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദ്രനും വിചാരണക്കിടെ മരിച്ചു.