chilly-arrest

തിരുവനന്തപുരം ആറ്റിങ്ങലിൽ മുളക് പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ.. കൊല്ലം സ്വദേശികളായ ലക്ഷ്മി, സാലു എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിയുന്നതിനിടെ, ലക്ഷ്മിയുടെ കണ്ണിലും മുളകുപൊടി വീണതാണ് മോഷണശ്രമം പാളാൻ കാരണം. 

കൊല്ലം പുള്ളിക്കട സ്വദേശിനിയായ ലക്ഷ്മിയും മയ്യനാട് സ്വദേശിയായ സാലുവും ഇക്കഴിഞ്ഞ 19ന് ആഡംബര കാറിലെത്തിയാണ് ആറ്റിങ്ങലിൽ മാല പൊട്ടിക്കാൻ ശ്രമിച്ചത്. പോയിന്റ്മുക്ക് ജംഗ്ഷനിൽ വച്ച് ആറ്റിങ്ങൽ സ്വദേശിനിയായ മോളിയുടെ അടുത്തെത്തി വഴിചോദിച്ച ശേഷമായിരുന്നു ലക്ഷ്മി മുളകുപൊടി എറിഞ്ഞത്. 

മോളിയുടെ കഴുത്തിലെ മാലയായിരുന്നു ലക്ഷ്യം. പക്ഷേ പണി പാളി. ലക്ഷ്മിയുടെ കണ്ണിലും മുളകുപൊടി വീണു. പിന്നെ ജീവനും കൊണ്ടു രക്ഷപ്പെട്ടു. കാറിൽ കൊല്ലം ഭാഗത്തേക്ക് പാഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വച്ച് അന്വേഷണം നടത്തിയ പൊലീസ് കാർ ഏതാണെന്ന് കണ്ടെത്തി. പിന്നെ അതേ മോഡൽ കാറുകളെട ലിസ്റ്റ് എടുത്തു. അത് പൊലീസിനെ പ്രതികളുടെ അടുത്ത് എത്തിച്ചു. 

ലക്ഷ്മിയുടെ അമ്മ ഗൾഫിൽ വരുത്തിവച്ച ബാധ്യത തീർക്കാനാണ് സുഹൃത്തായ സാലുവിനൊപ്പം മാല പൊട്ടിക്കാൻ ഇറങ്ങിയത്. കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ സാലുവിനെതിരെ നിരവധി കേസുകളുണ്ട്. പ്രതികൾ കരുതിവച്ച മുളകുപൊടിയും കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇരുവരും ജയിലുമായി. 

ENGLISH SUMMARY:

A couple from Kollam, Lakshmi and Salu, were arrested in Attingal for trying to throw chilli powder at a housewife during a theft attempt. The plan failed when the powder hit Lakshmi's eye.