thoupuzha-murder-case
  • തൊടുപുഴ ബിജു ജോസഫിന്‍റെ കൊലപാതകം ആസൂത്രിതം
  • മുഖ്യപ്രതി ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
  • മുന്‍പ് രണ്ടുതവണ കൊലപാതകശ്രമം നടന്നു

തൊടുപുഴ ബിജു ജോസഫ് വധക്കേസ് മുഖ്യപ്രതി ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍, ആഷിഖ് എന്നിവര്‍ കസ്റ്റഡിയിലാണ്. ക്വട്ടേഷന്‍ സംഘത്തെ ജോമോന് പരിചയപ്പെടുത്തിയത് ജോമിനാണ്. കണ്ണൂരില്‍നിന്നുള്ള ആംബുലന്‍സ് ഡ്രൈവറാണ് ജോമിന്‍. കസ്റ്റഡിയിലുള്ള ആഷിഖ് കാപ്പാ കേസ് പ്രതിയാണ്. 

Also Read: തൊടുപുഴയിലേത് ക്വട്ടേഷന്‍ കൊലപാതകം; ബിജുവിന്‍റെ മൃതദേഹം മാന്‍ഹോളില്‍

കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്.പി ടി.കെ.വിഷ്ണു പ്രദീപ്. മുന്‍പ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നു. വ്യാഴാഴ്ച പ്രതികള്‍ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍വച്ച് മര്‍ദിച്ചു. മുഖ്യപ്രതി ജോമോനെ പിടികൂടിയത് എറണാകുളത്തുവച്ചാണ്. ജോമോന്‍ മറ്റ് പ്രതികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന് തെളിവുണ്ടെന്നും എസ്പി പറഞ്ഞു. 

കാപ്പ കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് ബിജു ജോസഫിന്‍റെ കൊലപാതക ചിത്രം തെളിഞ്ഞത്. പിടിയിലായ പ്രതിയില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്‍റെ ഉറവിടം തിരക്കിയുള്ള അന്വേഷണം ചെന്നുനിന്നത് ജോമോനിലാണ്. ജോമോന്‍റെ മൊഴിയും ബിജു ജോസഫിന്റെ ഭാര്യയുടെ പരാതിയും ചേര്‍ത്തുവായിച്ചാണ് പൊലീസ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 

ഇന്നലെ കാപ്പ കേസില്‍ അറസ്റ്റിലായ പ്രതി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കൈയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് ‌‌‌ പറഞ്ഞപ്പോള്‍ എന്തിന് നല്‍കിയെന്ന അന്വേഷണം വഴിത്തിരിവായി. ജോമോന്‍കൂടി കസ്റ്റഡിയിലായതോടെ പണം ബിജു ജോസഫിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് ഉടന്‍ പിടികൂടി. 

അതേ സമയത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവുമെത്തി. ഒരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലഭിച്ച ബിജുവിന്‍റെ ചെരുപ്പും, പേഴ്സും നിര്‍ണായകമായി. കാറ്ററിങ് ബിസിനസ് നടത്തിയിരുന്ന ബിജു അടുത്തിടെ ആംബുലന്‍സ് സര്‍വീസ് ബിസിനസിലേക്ക് മാറിയത്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. ഇളയ മകള്‍ നാലാം ക്ലാസിലാണ്. 

ENGLISH SUMMARY:

The main accused in the Thodupuzha Biju Joseph murder case, Jomon, has been arrested. Other accused, Muhammad Aslam, Jomon, and Ashiq, are in police custody. Jomon introduced the quotation gang. Jomon is an ambulance driver from Kannur. Ashiq, who is also in custody, is a suspect in a Kappa case.