കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നും ബി.ജെ.പി.യുടെ പുതിയ സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ മനോരമ ന്യൂസിനോട്. ഇരു പാർട്ടികളും ഒരേ നയമാണ് പിന്തുടരുന്നത്. മുഖ്യ എതിരാളി ആരെന്ന് പറയാൻ ഇത് വിഡിയോ ഗെയിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും കേരള വികസനത്തിനുള്ള മാതൃക നഗരസഭയിൽ അവതരിപ്പിക്കുമെന്നും രാജീവ് പറഞ്ഞു. കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വലിയ മാറ്റം വരുത്തില്ലെന്നും ചിലത് കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസമുള്ള പുതിയ തലമുറയെ ലക്ഷ്യം വെച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും നാടിന്റെ മുന്നോട്ടുപോക്കിന് ഇത് അത്യാവശ്യമാണെന്നും നിക്ഷേപങ്ങൾ ആകർഷിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനെ കണ്ടിട്ടില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വിവാദങ്ങൾ തന്റെ ശ്രദ്ധ തിരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.