കൊച്ചി പള്ളുരുത്തിയില്‍ കുറ്റിക്കാട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. പള്ളുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവാക്കളടങ്ങിയ ലഹരിമാഫിയ സംഘമാണ് കഞ്ചാവ് ഒളിപ്പിച്ചത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം ലഹരിയെത്തിക്കുന്നതില്‍ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇടകൊച്ചി സിയന്ന കോളജിന് സമീപത്തെ ലോറിയാഡായിരുന്നു ലഹരിമാഫിയ സംഘത്തിന്‍റെ താവളം. അധികമാരുടെയും ശ്രദ്ധയെത്താത്ത ഗ്രൗണ്ടിന്‍റെ കിഴക്കേയറ്റത്തുള്ള വൈദ്യുതി പോസ്റ്റിന് കീഴിലുള്ള കുറ്റിക്കാടായിരുന്നു കഞ്ചാവ് ശേഖരിക്കുന്ന കേന്ദ്രം. പൊലീസിന്‍റെ കണ്ണ് വെട്ടിക്കാന്‍ കുറ്റിക്കാട്ടില്‍ രണ്ട് സഞ്ചികളിലായാണ് കഞ്ചാവൊളിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മാലിന്യം തള്ളിയതെന്നേ തോന്നൂ.
ഇരുട്ട് വീഴുന്നതോടെ വിചനമാകുന്ന ഗ്രൗണ്ടിലേക്ക് കൂട്ടമായി യുവാക്കളെത്തും. മൊബൈല്‍ വെട്ടത്തില്‍ ആവശ്യാനുസരണം ചെറുപൊതികളിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം എത്തിച്ച കഞ്ചാവ് വില്‍പനയ്ക്ക് സജ്ജമാക്കുന്നതിനിടെയാണ് പള്ളുരുത്തി സ്റ്റേഷനിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലതെത്തിയത്. ജീപ്പിന്‍റെ വെട്ടം കണ്ടതോടെ ലഹരിമാഫിയ സംഘം ചിതറിയോടി. അഞ്ചംഗ ലഹരിമാഫിയ സംഘത്തിലെ റിഫിന്‍ പിടിയിലായി. മുന്‍പും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടുള്ള ആളാണ് ഇരുപത് വയസ് മാത്രം പ്രായമുള്ള റിഫിന്‍. കൂട്ടുപ്രതികള്‍ക്കും പ്രായം പത്തൊന്‍പതും ഇരുപതും വയസ് മാത്രം. പതിവായി സംഘം സ്ഥലതെത്തിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രദേശത്തെ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും സംഘം ലഹരിമരുന്ന് വിതരണം ചെയ്തിരുന്നു. ഇതരസംസഥാനക്കാരില്‍ നിന്നും മലയാളികളായ ഇടനിലക്കാരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി പരിശോധനകള്ഡ കര്‍ശനമാക്കിയതോടെയാണ് കഞ്ചാവ് ഒളിപ്പിക്കാന്‍ കുറ്റികാട് തിരഞ്ഞെടുത്തതെന്നാണ് മൊഴി. പൊലീസിനെ കണ്ട് ഇരുട്ടില്‍ മറഞ്ഞ ലഹരിമാഫിയ സംഘത്തിലെ മറ്റ് അംഗങ്ങളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പള്ളുരുത്തി പൊലീസ്.