ബ്രഹ്മപുരം മാലിന്യ നീക്ക പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന സിബിജി പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. രണ്ട് ബയോഡൈജസ്റ്ററുകളിൽ ഒന്നിൽ ട്രയൽ റൺ ആരംഭിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം എന്ന കൊച്ചിയുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമാകുന്നത്.
ബ്രഹ്മപുരത്തെ നിർമാണത്തിലുള്ള കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ രണ്ട് ബയോഡൈജസ്റ്ററുകളിൽ ഒന്നിന്റെ നിർമാണമാണ് പൂർത്തിയായത്. ഈ ബയോഡൈജസ്റ്ററിലേക്ക് ചാണകം നിറച്ച് ട്രയൽ റൺ ആരംഭിച്ചു. ഏതാനും ദിവസത്തിനുള്ളിൽ രണ്ടാമത്തെ ബയോഡൈജസ്റ്ററിന്റെ നിർമാണം പൂർത്തിയാകുമെന്നും ഏപ്രിൽ അവസാനത്തോടെ ഭക്ഷണ മാലിന്യം പ്ലാന്റിലേക്ക് നിക്ഷേപിച്ച് തുടങ്ങാമെന്നും കൊച്ചി മേയർ എം. അനിൽ കുമാർ.
പ്ലാന്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് ബിപിസിഎലിന് ഉപയോഗപ്രദമാക്കും. 75 ടണ്ണിൽ ആരംഭിച്ച് 150 ടൺ വരെ ഘട്ടംഘട്ടമായാണ് സിബിജി പ്ലാന്റിന്റെ പ്രവർത്തനം. അജൈവ മാലിന്യ സംസ്കരണത്തിനായി മുന്നോട്ടുവച്ച പദ്ധതിയും അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ.