കൊല്ലം ചടയമംഗലത്ത് യുവാവിനെ കുത്തിക്കൊന്നു. സി െഎടിയു ചുമട്ടുതൊഴിലാളിയായ കലയം സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തുന്നതിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. പ്രതി ജിബിനെ പൊലീസ് പിടികൂടി.
രാത്രി പതിനൊന്നിന് ചടയമംഗലം പേൾ റസിഡന്‍സി ബാറിലാണ് കൊലപാതകം നടന്നത്. ബാറിലേക്ക് സുധീഷ് ബൈക്കിലെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തുന്നതിനെച്ചാെല്ലി സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനുമായി തര്‍ക്കം ഉണ്ടായി. സുധീഷിനൊപ്പം സുഹൃത്തുക്കളായ ഷാനവാസും അമ്പാടിയും ഉണ്ടായിരുന്നു. ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ഷാനവാസ് വീണ്ടും ജിബിനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അമ്പാടിയും സുധീഷും ഇവിടേക്ക് എത്തി. ഇതിനിടെയാണ് തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിച്ച സുധീഷിന് നെഞ്ചില്‍ കുത്തേറ്റത്. ഷാനവാസിനും അമ്പാടിക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
സെക്യൂരിറ്റി ജീവനക്കാരന്‍ കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ജിബിനെ പൊലീസ് പിടികൂടി. സിെഎടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രാദേശികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സിപിഎം നഗരത്തില്‍ പ്രകടനം നടത്തി.