ചെന്നൈയില്‍ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഹോസ്റ്റല്‍ സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദനം. ഒാണ്‍ലൈന്‍ ഭക്ഷണവുമായെത്തിയ വിതരണക്കാരനെ രാത്രി ഹോസ്റ്റലിലേക്ക് കടത്തിവിടാത്തതാണ് സംഘര്‍ഷത്തിന് കാരണം. മര്‍ദനത്തിന് നേതൃത്വം നല്‍കിയ സുരക്ഷാ ജീവനക്കാരന്‍ റിമാന്‍ഡില്‍. ക്യാംപസില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതോടെയാണ് പൊലീസ് നടപടിയുണ്ടായത്.
കെകെ നഗർ ഇഎസ്ഐ മെഡിക്കൽ കോളജിൽ ആണ് മലയാളി ഹൗസർജൻസി വിദ്യാർഥിയെ സുരക്ഷ ജീവനക്കാരൻ മർദിച്ചത്. രാത്രി ഡ്യൂട്ടിക്കു ശേഷം ഹോസ്‌റ്റലിലെത്തിയ വിദ്യാർഥി, ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഭക്ഷണവുമായി എത്തിയ ആളെ ഹോസ്‌റ്റലിലേക്ക് കടത്തി വിടാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സുരക്ഷാ ജീവനക്കാരനായ ബാലജീവഗത്തിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആൽഫ്രഡിനെ മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കെ.കെ.നഗർ പൊലീസ് അറസ്‌റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബാലജീവഗത്തെ റിമാൻഡ് ചെയ്തു.
മർദനത്തിൽ തൃശൂർ സ്വദേശിയായ വിദ്യാര്‍ഥി ആൽഫ്രഡിന്‍റെ തോളെല്ലിന് പരുക്കേറ്റതായി ആശുപത്രി ഡീൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള 3 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലും ഹോസ്‌റ്റലുകളിലും വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണം അടക്കം അടിസ്‌ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുന്നതായും വിദ്യാർഥികൾ ആരോപിച്ചു.