പതിനൊന്നു വയസുള്ള മകന്‍റെ കഴുത്തറുത്ത് അമ്മ. ഡിസ്‌നിലാൻഡിലേക്ക് മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് ഇന്ത്യക്കാരിയായ അമ്മ മകനെ ക്രൂരമായി െകാലപ്പെടുത്തിയത്. സംഭവത്തില്‍ 48 കാരിയായ സരിത രാമരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് പുറമേ, ആയുധം കയ്യില്‍ സൂക്ഷിച്ചതിനും കേസ് ചുമത്തിയിട്ടുണ്ട്.
2018 ല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ സരിത കലിഫോര്‍ണിയയില്‍ നിന്നും താമസം മാറിയിരുന്നു. ഇടയ്ക്ക് മകനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. ഇത്തവണയും മകനെ കാണാനെത്തിയ സരിത ഒരു ഹോട്ടലില്‍ മുറിയെടുത്ത് മകനൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് തനിക്കും മകനും മൂന്നുദിവസം ഡിസ്നിലാൻഡില്‍ ചെലവഴിക്കാനുള്ള ടിക്കറ്റും എടുത്തു.
മകനെ മുന്‍ഭര്‍ത്താവിന്‍റെ കൈയില്‍ തിരികെ ഏല്പിക്കേണ്ടിയിരുന്ന ദിവസം രാവിലെ 911 എന്ന നമ്പറില്‍ വിളിച്ച് മകനെ കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് യുവതി അറിയിച്ചു. വിവരമറിഞ്ഞ് ഹോട്ടലില്‍ എത്തിയ പൊലീസ് മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന ആണ്‍കുട്ടിയെയാണ് കണ്ടത്. സരിത വിളിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേ തന്നെ കുട്ടി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അടുക്കളയില്‍ നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.
മരിക്കാനായി വിഷം കഴിച്ച യുവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യം ശരിയായതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടി ആരുടെ കൂടെ നില്‍ക്കണമെന്ന വാദത്തില്‍ രാമരാജുവും ഭര്‍ത്താവ് പ്രകാശ് രാജുവും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. കോടതി മകന്‍റെ സംരക്ഷണം പ്രകാശ് രാജുവിന് നല്‍കുകയായിരുന്നു. തന്‍റെ അനുവാദമില്ലാതെ മുന്‍ഭര്‍ത്താവ് മകന്‍റെ സ്കൂള്‍, മെഡിക്കല്‍ കാര്യങ്ങള്‍ ചെയ്തുവെന്നും അദ്ദേഹത്തിന് ലഹരി ഉപയോഗം ഉണ്ടായിരുന്നുവെന്നും സരിത പൊലീസില്‍ മൊഴിനല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.