തൃശൂർ ഇരിങ്ങാലക്കുട ബില്യൻ ബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട കോലോത്തും പടി സ്വദേശി സുബിനാണ് അറസ്റ്റിലായത്. ബില്യൻ ബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പിലെ 4 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സുബിൻ.
തൃശൂർ ഇരിങ്ങാലക്കുട കാരുമാത്ര സ്വദേശിയെ അറസ്റ്റിലായ സുബിനും സഹോദരൻ ബിബിനും, ബിബിന്റെ ഭാര്യ ജയ്തയും ചേർന്ന് ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസം തോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. രണ്ട് കോടിയിലേറെ രൂപ ഇയാളുടെ കൈയ്യിൽ നിന്ന് വാങ്ങിയിട്ട് ലാഭ വിഹിതമോ വാങ്ങിയ പണമോ തിരികെ കൊടുത്തില്ല.
ഈ സാഹചര്യത്തിൽ ആണ് ഇരിങ്ങാലക്കുട സ്വദേശി പരാതി നൽകിയത്. തട്ടിപ്പ് നടത്തിയതിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ സുബിൻ പിടിയിലാകുന്നത്.ബില്യൻ ബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഇതു വരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.