nenmara

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 132 സാക്ഷികളുണ്ട്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര 58 ദിവസം മുൻപ് വെട്ടിക്കൊലപ്പെടുത്തിയത്. 

ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ നൂറ്റി മുപ്പത്തി രണ്ട്  സാക്ഷികളാണുള്ളത്. അറുപതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. കൊലപാതക സമയം നിർണായക സാക്ഷികളുടെ സാന്നിധ്യം തെളിയിക്കുന്ന ഗൂഗിൾ ടൈം ലൈൻ മാപ്പും കുറ്റപത്രത്തിലെ ശാസ്ത്രീയ രേഖയാണ്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാണ്. 

വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു  ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇരട്ടക്കൊലപാതകമുണ്ടായി അൻപത്തി എട്ടാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കേസിൻ്റെ വിചാരണ നടപടികൾ തുടങ്ങുന്നതിനാണ് ശ്രമമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. സജിതയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പരിശോധന ഫലവും ലഭിച്ചതിനാൽ ഈ കേസിലും ഒരേ സമയം വിചാരണ നടപടികൾ തുടങ്ങാനാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

ENGLISH SUMMARY:

The investigation team has submitted the charge sheet in the shocking double murder case in Nenmara, Palakkad, which has deeply disturbed the community.