ഹോൺ മുഴക്കിയതിൽ പ്രകോപിതനായ യുവാവ് കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ ആക്രമിച്ചതായി പരാതി. പാലക്കാട് തൃത്താല കൊപ്പത്ത് വീട്ടിൽ ഇർഷാദിനും ഭാര്യയ്ക്കുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. ചങ്ങരംകുളം സ്‌റ്റേഷൻ പരിധിയിലുണ്ടായ അതിക്രമത്തിൽ പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് പൊലീസ്.
തൃത്താലയിൽ നിന്നും എടപ്പാൾ വഴി ചങ്ങരംകുളത്തേക്ക് ഇർഷാദിന്റെ കുടുംബം കാറിൽ പോകുമ്പോഴായിരുന്നു യുവാവ് ആക്രമിച്ചത്.
മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്കിൽ പോവുകയായിരുന്നു യുവാവ്. ബൈക്കിനെ മറികടക്കാനായി ഹോൺ അടിച്ചതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. തുടർന്ന് യുവാവ് ഒരു കിലോമീറ്ററോളം കാറിനെ പിന്തുടർന്ന് അസഭ്യം പറയുകയായിരുന്നു. കാറിനെ പിന്തുടരുന്നത് കണ്ട ബൈക്ക് യാത്രികരായ യുവാക്കൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. വാഹനം തടഞ്ഞിട്ട് കാറിൽ ഉണ്ടായിരുന്ന ഇർഷാദിനെയും ഭാര്യയെയുമാണ് യുവാവ് ഡോർ തുറന്ന് ആക്രമിച്ചത്. കാറിനും കേടുപാടുണ്ടായി.
കാറിൽ രണ്ട് കുട്ടികളടക്കം അഞ്ചു പേരാണുണ്ടായിരുന്നത് 'യുവാക്കൾ പകർത്തിയ ദൃശ്യങ്ങൾ സഹിതം കുടുംബം ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയ യുവാവ് ലഹരി കേസുകളിൽ ഉൾപ്പടെ പ്രതിയാണെന്ന വിവരങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.