റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. പാലക്കാട് നെന്മാറ ഒലിപ്പാറ റോഡിന്‍റെ ദുരവസ്ഥയിലായിരുന്നു പ്രതിഷേധം. കുറ്റമറ്റ രീതിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
കുഴിയേറെ കടന്ന് കാല്‍നടയായും വാഹനങ്ങളിലും നാട്ടുകാര്‍ നീങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. നിരവധിതവണ പരാതി നല്‍കിയിട്ടും റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടിയുണ്ടായില്ല. ഒടുവില്‍ നവീകരണത്തിന് അനുമതിയായി. പണി തുടങ്ങിയതോടെ അശാസ്ത്രീയമെന്ന പരാതി ഉയര്‍ന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചു. നിലവാരത്തിലുള്ള നിര്‍മാണം നടപ്പാക്കണമെന്ന ന്യായമായ ആവശ്യം നിരത്തി.
പ്രതിഷേധത്തിന് പിന്നാലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കരാറുകാരനുമായി സംസാരിച്ച് നിര്‍മാണത്തിലെ പോരായ്മ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. നിര്‍മാണ നിരീക്ഷണത്തിന് നാട്ടുകാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.