വാളയാറില്‍ പിടിയിലായ അമ്മയെയും മകനെയും ലഹരിക്കടിമയാക്കിയതും കടത്തുകാരാക്കിയതും ആസൂത്രിതമായി. ഒന്നാംപ്രതി കോഴിക്കോട് എലത്തൂര്‍ സ്വദേശി മൃദുല്‍ ആണ് ഇവരെ ലഹരിവലയിലാക്കിയതെന്ന് എക്സൈസ്.
എലത്തൂർ സ്വദേശിയായ മൃദുലാണ് ലഹരി ഇടപാടിലെ മുഖ്യ ആസൂത്രകൻ. ഐ.ടി മേഖലയിലെ വിദ്യാർഥികളുമായുള്ള ചങ്ങാത്തവും പതിവായി ബെംഗലൂരുവിലേക്കുള്ള യാത്രയും സാമ്പത്തിക വരവിന് പറ്റിയ വിളനിലം വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിലുള്ള ലഹരി കടത്തെന്നും ചുരുങ്ങിയ കാലത്തിനുള്ളിൽ മൃദുൽ മനസിലാക്കി. ഇതിനിടയിലാണ് ഹോം നഴ്സ് ജോലിക്കായി എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തിയ അശ്വതിയെ മൃദുൽ പരിചയപ്പെടുന്നത്. ആവശ്യം പറയും മുൻപ് നൂറും, അഞ്ഞൂറും നൽകി അശ്വതിയെ മൃദുൽ വിശ്വാസത്തിലെടുത്തു. സങ്കടം മാറാനെന്ന മരുന്നെന്ന വ്യാജേന പതിയെ രാസലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചു. പിന്നീട് ലഹരിയില്ലാതെ കഴിയില്ലെന്ന സ്ഥിതിയിൽ അശ്വതി എത്തിയതോടെയാണ് മൃദുൽ നേരത്തെ വിരിച്ച വലയുടെ കണ്ണികൾ കുറച്ച് കൂടി ബലപ്പെടുത്തിയത്. പണവും ലഹരിയും മുടങ്ങാതെ തരാം അമ്മയും മകനും ലഹരി കടത്തിലും വിൽപ്പനയിലും പങ്കാളിയാകണമെന്നായി. അങ്ങനെയാണ് അശ്വതിയും മകൻ ഷോൺ സണ്ണിയും ഇവർക്കൊപ്പം ചേർന്നത്. ലഹരി ഉപയോഗിക്കാൻ മകനെ പഠിപ്പിച്ചതിനൊപ്പം തനിക്ക് കഴിയാത്ത സമയങ്ങളിൽ സ്വതന്ത്രമായി ലഹരി ഇടപാട് നടത്താനാണ് മകനെ കൂടെക്കൂട്ടിയിരുന്നതെന്നും അശ്വതി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ ലഹരിയുമായി വരുന്നതിനിടയിലാണ് പത്ത് ഗ്രാമിലേറെ എം.ഡി.എം.എയുമായി വാളയാറിൽ നാലംഗ സംഘം എക്സൈസിന്‍റെ പിടിയിലാവുന്നത്. നാലംഗ സംഘത്തിനൊപ്പം കൂടുതൽ ആളുകളുണ്ടെന്നും ഇവരെ നിരീക്ഷിക്കുന്നതായും എക്സൈസ് വ്യക്തമാക്കി.