പ്രതീകാത്മക ചിത്രം (HT)
പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് മൂന്ന് പെണ്‍മക്കളുടെയും മകന്‍റെയും കഴുത്തറുത്ത ശേഷം രാജീവ് കുമാര്‍ ഫാനില്‍ തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍ രാജീവിന്‍റെ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നുവെന്നും ഇതേത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിനുള്ള ചികില്‍സയിലായിരുന്നുവെന്നും കുടുംബം പൊലീസിനോട് വെളിപ്പെടുത്തി.
സംഭവ ദിവസം നേരം വൈകിയിട്ടും രാജീവിനെയോ മക്കളെയോ പുറത്തേക്ക് കാണാതിരുന്നതോടെ പിതാവ് വാതിലില്‍ മുട്ടി. അനക്കമില്ലെന്ന് കണ്ടതോടെ വീടിന്‍റെ സ്റ്റെയര്‍കെയ്സിലൂടെ മുകളില്‍ കയറി മേല്‍ക്കൂര വഴി അകത്തേക്ക് ഇറങ്ങുകയായിരുന്നു. വീടിനുള്ളില്‍ കടന്നപ്പോഴാണ് ഒരു മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കൊച്ചുമക്കളെയും അടുത്ത മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രാജീവിനെയും കണ്ടത്.
നിയന്ത്രിക്കാനാവാത്ത ദേഷ്യം രാജീവ് പലപ്പോഴും പ്രകടിപ്പിച്ചിരുന്നുവെന്നും മക്കളെ എപ്പോഴാണ് അറുക്കുന്നതെന്ന് ഭാര്യയോട് ഇടയ്ക്കിടെ ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അപകടത്തില്‍പ്പെട്ടതോടെ കടുത്ത നിരാശ രാജീവിനെ ബാധിച്ചുവെന്നും, ഇനി മുന്നോട്ട് ജീവിക്കാന്‍ കഴിയില്ലെന്നും, മക്കളെ ആദ്യം കൊന്ന ശേഷം നമുക്കും ജീവനൊടുക്കാമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും രാജീവിന്‍റെ ഭാര്യ ക്രാന്തി പൊലീസിന് മൊഴി നല്‍കി.
സംഭവത്തിന് തലേ ദിവസം, ക്രാന്തിയെ രാജീവ് കൊണ്ടുപോയി സ്വന്തം വീട്ടിലാക്കി. പിന്നീടാണ് ക്രൂരകൃത്യം നടത്തിയത്. ആറ് ദിവസം മുന്‍പ് തന്നെ ക്രൂരമായി രാജീവ് മര്‍ദിച്ചിരുന്നുവെന്നും ഇതോടെയാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് പറഞ്ഞതെന്നും അവര്‍ പറയുന്നു. വീടിനുള്ളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂര്‍ച്ചയേറിയ കത്തിയും, സാന്‍ഡ് പേപ്പറും കണ്ടെടുത്തു.