നവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമരികെ ഇറച്ചിയും മീനും വില്‍ക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒന്‍പത് ദിവസം നീളുന്ന ചൈത്ര നവരാത്രി ഉല്‍സവത്തിന് ഇന്ന് തുടക്കമാകുന്നതോടെയാണ് നിരോധനം. അനധികൃത അറവുശാലകള്‍ പൂട്ടിക്കെട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധാനാലയങ്ങള്‍ക്ക് അരക്കിലോമീറ്റര്‍ അരികെയുള്ള ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളാണ് അടയ്ക്കുന്നത്. ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മല്‍സ്യ–മാംസ വില്‍പ്പനയ്ക്ക് നിരോധനം പ്രഖ്യാപിച്ചു.
ഇറച്ചി വില്‍പ്പനശാലകള്‍ അടച്ചിടുന്നത് സംബന്ധിച്ച നിര്‍ദേശം ഉത്തര്‍പ്രദേശിലെ നഗര വികസന വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പൊലീസ് കമ്മിഷണര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും കൈമാറി. 'നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മല്‍സ്യ/മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താവൂ. തുറസ്സായ സ്ഥലങ്ങളില്‍ മല്‍സ്യ–മാംസങ്ങള്‍ വില്‍ക്കുന്നതിന് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം'- എന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധനം എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് അന്വേഷിക്കാന്‍ പ്രത്യേക ജില്ലാ തല സമിതികള്‍ക്കും രൂപം നല്‍കി. ഇതിനായി പൊലീസ്, ആരോഗ്യ, ഗതാഗത, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇറച്ചി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്ട് ആന്‍റ് ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ഒന്‍പത് ദിവസവും 24 മണിക്കൂറും വൈദ്യുതിബന്ധം തടസമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.