ജ്യേഷ്ഠ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനു ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം തിരൂർ ചെറിയമുണ്ടം സ്വദേശി അബ്ദുൽ റഹ്മാൻ എന്ന മാനുവിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സഹോദരൻ അബ്ദുൽ നാസർ കൊല്ലപ്പെട്ട കേസിലാണു വിധി.
2010 സെപ്റ്റംബർ ഇരുപത്തി മൂന്നിനാണ് അബ്ദുൽ നാസറിനെ തൃത്താല വെള്ളിയാങ്കല്ല് തടയണയ്ക്കു സമീപം ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പിന്നീട് കൊലപാതമാക്കി വകുപ്പ് ഭേദഗതി ചെയ്യുകയായിരുന്നു. ഇതിനു ശേഷം 2011 ഫെബ്രുവരിയിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംശയനിഴലിലായിരുന്ന അബ്ദുൽ റഹ്മാന്റെ പാസ്പോർട്ട് രേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തെങ്കിലും ഹൈക്കോടതി ഉത്തരവു പ്രകാരം തിരിച്ചുനൽകി.
പിന്നാലെ വിദേശത്തേക്കു കടന്ന ഇയാളെ പ്രതിചേർത്തു ക്രൈംബ്രാഞ്ച് 2013 ൽ കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നു ലുക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. 2016ൽ വിദേശത്തു നിന്നു നാട്ടിൽ തിരിച്ചെത്തിയപ്പോൾ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൽ റഹ്മാൻ പിടിയിലായത്. നിരന്തരം മദ്യപിച്ചെത്തി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിൻ്റെ പേരിലായിരുന്നു കൊലപാതകമെന്നാണു പ്രോസിക്യൂഷൻ കേസ്.
ഇരുവരും ഒന്നിച്ചുള്ള യാത്രയ്ക്കിടെ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിർത്തി കഴുത്തിൽ തോർത്ത് മുറുക്കി അബ്ദുൽ നാസറിനെ ആക്രമിച്ചു. കൊല്ലപ്പെട്ടെന്നു കരുതിയാണു കാറിൽ കൊണ്ടുപോയി ഭാരതപ്പുഴയിൽ തള്ളിയത്. വെള്ളം കുടിച്ചാണു മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. 51 സാക്ഷികളെ കോടതി വിസ്തരിച്ചു. 63 രേഖകൾ പരിഗണിച്ചു. വിധിയിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഏറെ നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ജയ ഹാജരായി.