പാലക്കാട് മുണ്ടൂരിൽ മദ്യലഹരിയിൽ ഗൃഹനാഥനെ അയൽവാസികൾ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തി. കുമ്മൻകോട് നൊച്ചിപ്പുള്ളി സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ വിനോദ്, സഹോദരൻ വിനേഷ് അമ്മ കമലാക്ഷി എന്നിവരെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായ വിനോദും മണികണ്ഠനും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടായി. അതിക്രമത്തിനിടെ വിനോദും സഹോദരൻ വിനേഷും ചേർന്ന് ഇഷ്ടികയും, ഓടും ഉപയോഗിച്ച് മണികണ്‌ഠനെ ആക്രമിച്ചു. മണികണ്ഠൻ്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
മദ്യപാനത്തിനിടെ അയൽ വീട്ടുകാർ തമ്മിൽ തർക്കം പതിവാണെന്നും ഇന്നലെയും സമാന ആക്രമണമെന്ന് കരുതിയതായും നാട്ടുകാർ. ഇന്നലെ രാത്രിയിലുണ്ടായ കൊലപാതകം രാവിലെയാണ് പുറത്തറിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് പരിശോധിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.