Image Credit: X

കൊല്ലപ്പെട്ട അപ്സര | പ്രതി സായി കൃഷ്ണ (Image Credit: X)

TOPICS COVERED

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. 2023 ജൂണിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്ത കേസിലാണ് അയ്യഗരി വെങ്കട സായി കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രംഗറെഡ്ഡി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. തെളിവുകൾ നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വർഷം കൂടി തടവും വിധിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

2023 ലാണ് ഹൈദരാബാദിനെ ഞെട്ടിച്ച അപ്സര കൊലപാതകം നടക്കുന്നത്. സായി കൃഷ്ണ പുരോഹിതനായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അപ്സര. പതിയെ ക്ഷേത്രദര്‍ശനം പ്രണയത്തിന് വഴിമാറി. താന്‍ വിവാഹിതനായിരുന്നിട്ടും അപ്‌സരയുമായുള്ള ബന്ധം സായി കൃഷ്ണ തുടര്‍ന്നുപോന്നു. ഇതിനിടയില്‍ അപ്സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതാണ് സായികൃഷ്ണയെ പ്രകോപിപ്പിച്ചത്.

തീർത്ഥാടന കേന്ദ്രത്തിലേക്കെന്ന വ്യാജേന അപ്സരയെ ഷംഷാബാദിലെത്തിച്ച ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുന്നതിന്‍റെ തലേന്ന് രാത്രി 8:15 ഓടെയാണ് ഇരുവരും സരൂർനഗറിൽ നിന്ന് പുറപ്പെടുന്നത്. 10 മണിയോടെ ഷംഷാബാദിലെ ഹോട്ടലിൽ അത്താഴം കഴിച്ചശേഷം ജൂൺ 4 ന് പുലർച്ചെ 3:50 ഓടെ നാർകുഡയിലെത്തി. വിജനമായ പ്രദേശത്ത് എത്തിയതോതെ കാറില്‍ ഉറങ്ങുകയായിരുന്ന അപ്സരയെ സായികൃഷ്ണ സീറ്റ് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം അപ്സരയുടെ മൃതദേഹം കാറില്‍ കവറിൽ പൊതിഞ്ഞ് സരൂർനഗറിലെ തന്‍റെ വീട്ടിലെത്തിച്ചു. രണ്ട് ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച പ്രതി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പെരുമാറിയത്. പിന്നീട്, അപ്സരയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ് സരൂർനഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാൻഹോളിൽ തള്ളി. കുറ്റകൃത്യം മറച്ചുവെക്കാനായി മാന്‍ഹോളില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാൻഹോൾ നിറച്ച് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.

ഷംഷാബാദിൽ വച്ച് അപ്സരയെ കാണാതായെന്നെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ സായി കൃഷ്ണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസില്‍ നിര്‍ണായക തെളിവുകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

ENGLISH SUMMARY:

A temple priest in Telangana’s Ranga Reddy district has been sentenced to life imprisonment for the murder of a young actress. The Ranga Reddy District Court found Ayyagari Venkata Sai Krishna guilty of killing the woman in June 2023 and disposing of her body in a septic tank. Along with the life sentence, he was also fined ₹10,000 and given an additional seven years in prison for destroying evidence. The court further ordered a compensation of ₹10 lakh to the victim’s family.