മനുഷ്യർ മതത്തിന്റെ പേരിൽ മതിലുകൾ പണിയുന്ന കാലത്ത് ക്ഷേത്രങ്ങളിൽ തലമുറകളായി മൈത്രിയുടെ ദേവ സംഗീതമൊരുക്കുന്ന ഒരു വിഖ്യാത മുസ്‌ലിം കുടുംബമുണ്ട് മധുരയിൽ. മീനാക്ഷിയമ്മനും മുരുകനും മംഗളവാദ്യം മീട്ടുന്ന ഷെയ്ഖ് കുടുംബം. തമിഴകത്തെ നാഗസ്വര സംഗീതലോകത്തെ ഇതിഹാസമായ ഷെയ്ഖ് ചിന്ന മൗലാന ഈ കുടുംബ പരമ്പരയിലെ അഭിമാന നക്ഷത്രമാണ്.
മധുര മീനാക്ഷിയെ തൊഴുത് തിരുപ്പറക്കുണ്ഡറം മുരുകനെ ദർശിക്കാൻ പോകും വഴിയാണ് ഷെയ്ഖ് ഹൗസിൽ എത്തിയത്. സംഗീതവും സ്നേഹവും സാഹോദര്യവും ഹൃദയതാളമായ വീട്. തമിഴ്നാടിന്റെ സ്വന്തം നാഗസ്വര വാദ്യരംഗത്തെ ജനപ്രിയ മേൽവിലാസം. 300 വർഷത്തിലധികം പിന്നിട്ട മംഗളവാദ്യ വിദ്വാന്മാരുടെ വംശപരമ്പരയിലെ ഇപ്പോഴത്തെ കാരണവർ ഷെയ്ഖ് മസ്താൻ.
മധുര മീനാക്ഷി ക്ഷേത്രമടക്കം തമിഴകത്തെ പല പ്രധാന ക്ഷേത്രങ്ങളിലും ഷെയ്ഖ് കുടുംബം വാദ്യ വിസ്മയമൊരുക്കുന്നു. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ കരവതി ഗ്രാമത്തിൽ നിന്നാണ് ഷെയ്ഖ് മസ്താന്റെ മുതുമുത്തച്ഛൻ ഷെയ്ഖ് അബ്ദുല്ല തമിഴ്നാട്ടിലേയ്ക്ക് കുടിയേറിയത്. ക്ഷേത്രനഗരങ്ങളായ ശ്രീരംഗത്തും മധുരയിലുമായി ഷെയ്ഖ് കുടുംബത്തിന്റെ സംഗീത വഴി രണ്ടായി പിരിഞ്ഞു. ഷെയ്ഖ് മസ്താന്റെ പിതൃസഹോദരൻ ഷെയ്ഖ് ചിന്ന മൗലാന ആലാപന ശൈലിയിൽ വിസ്മയം തീർത്ത് പുകൾപെറ്റ പ്രതിഭയാണ്. പത്മശ്രീയും കലൈമാമണിയും അടക്കം പുരസ്ക്കാരപ്പെരുമഴ നനഞ്ഞ നാഗസ്വര ഇതിഹാസം.
മധുര ഗവർൺമെന്റ് സംഗീത കോളേജിൽ അധ്യപകൻ കൂടിയാണ് ഷെയ്ഖ് മസ്താൻ. മതമൈത്രി എന്നത് ഷെയ്ഖ് കുടുംബത്തിന് മറ്റുള്ളവരെ ബോധിപ്പിക്കാനുള്ളതല്ല. ആത്മാവിന്റെ അംശമാണ്. വിട്ടുവീഴ്ച്ചയില്ലാത്ത ജീവിതചര്യയാണ്. തന്റെ നാടിന്റെ സംസ്ക്കാരം ഉയർത്തിക്കാട്ടുകയും വിശ്വാസം മുറുപിടിക്കുകയും ചെയ്യുന്ന സ്വാഭിമാനികളായ സംഗീതജ്ഞരുടെ തറവാട്. മതവിവേചനങ്ങൾ അവരെ മുറിവേൽപ്പിക്കുന്നു. ഷെയ്ഖ് കുടുംബത്തിന് സംഗീതം തലമുറകൾ കൈമാറിയ മാനവീകതയുടെ മഹാമന്ത്രമാണ്. നാഗസ്വര ധാര ആസ്വദിച്ച് ഷെയ്ഖ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ നമ്മൾ അറിയാതെ പറയും. മനുഷ്യൻ എത്ര മനോഹരമായ പദം.