kottayam-ragging

കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിംഗ്  സമാനതകളില്ലാത്ത ക്രൂരകൃത്യമെന്ന് പൊലീസ് കുറ്റപത്രം.. നിർണായക  തെളിവായ റാഗിങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.40 സാക്ഷികളും 32 രേഖകളുമാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കുക.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ  റാഗിങ്‌ കേസിൽ പ്രതികൾ അറസ്റ്റിലായി 45 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി വായിൽ ലോഷനൊഴിച്ച്  കെട്ടിയിട്ട്  സ്വകാര്യ ഭാഗങ്ങളിൽ പരുക്കേൽപ്പിച്ച ക്രൂരതയ്ക്ക്  തക്ക ശിക്ഷ കിട്ടാൻ പഴുതടച്ച 32 രേഖകളും 40 സാക്ഷികളെയും ആണ്  ഗാന്ധിനഗർ  SHOയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമർപ്പിച്ചത്.

ആന്റി റാഗിംഗ് വകുപ്പുകൾ പ്രകാരവും ആയുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, പണം അപഹരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് അഞ്ചുപേർക്കെതിരെ  കേസ് എടുത്തിരിക്കുന്നത്. മൂന്നാംവർഷ വിദ്യാർഥികളായ  സാമൂവൽ,ജീവ, റിജിൽ ജിത്ത്,രാഹുൽ രാജ്,വിവേക് എന്നിവരാണ് പ്രതികൾ. പലപ്പോഴായി കോടതികൾ ജാമ്യാപേക്ഷതള്ളിയ ഇവർ ജയിലിൽ തുടരുകയാണ്.

പ്രതികൾ സ്ഥിരമായി ഹോസ്റ്റലിൽ മദ്യപിച്ചിരുന്നെന്നും ഇതിന് പണം കണ്ടെത്താനായി ജൂനിയർ വിദ്യാർഥികളെ  കഴിഞ്ഞ നവംബർ മുതൽ നാലുമാസത്തേക്ക് തുടർച്ചയായി പീഡിപ്പിച്ചെന്നുമാണ് കുറ്റപത്രം. ആദ്യം ഇടുക്കി സ്വദേശിയായ ഒരു വിദ്യാർഥിയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നതെങ്കിൽ  വിശദമായ അന്വേഷണത്തിൽ അഞ്ചു പരാതിക്കാരെ കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.