തെലങ്കാനയിലെ നാഗർകർനൂളില്‍ ഗവൺമെന്റ് മെഡിക്കൽ കോളജില്‍ ക്രൂര റാഗിങ് അരങ്ങേറിയതായി പരാതി. മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്കെതിരെ ഒരു ജൂനിയർ വിദ്യാർഥിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടു.
മാർച്ച് 25 ന് കോളജ് ഹോസ്റ്റലിൽ വെച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം വർഷ വിദ്യാർഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ തങ്ങളുടെ ഹോസ്റ്റൽ മുറിയിലേക്ക് വിളിക്കുന്നത്. വിദ്യാര്‍ഥി മുറിയിലെത്തിയപ്പോള്‍ രണ്ട് രണ്ടാം വർഷ വിദ്യാർഥികളും ഒരു മൂന്നാം വർഷ വിദ്യാർഥിയുമാണ് മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മൂന്ന് സീനിയർ വിദ്യാർഥികളും ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥിയെ ചുമരിനോട് ചേര്‍ന്ന് കസേരയില്ലാതെ ഇരിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ശേഷം ഗ്യാസ് സിലിണ്ടർ ഉയർത്തിപ്പിക്കുകയും ചെയ്തു.
ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ലോക്ക് ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധിച്ച് അണ്‍ലോക്ക് ചെയ്ത പ്രതികള്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ചാറ്റും ചിത്രങ്ങളും തുറന്നുനോക്കിയതായും ഇവ പരസ്പരം പങ്കിട്ട് വിദ്യാര്‍ഥിയുടെ പിതാവിനും മറ്റുള്ളവർക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ വേദന കാരണം എഴുന്നേറ്റ വിദ്യാര്‍ഥിയെ ബെല്‍റ്റുകൊണ്ട് അടിച്ചതായും പരാതിയിലുണ്ട്.
തുടര്‍ന്നാണ് വിദ്യാര്‍ഥി തന്റെ കുടുംബത്തെ വിവരം അറിയിക്കുന്നത്. കുടുംബം ലോക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടനെ പൊലീസ് കോളജിലെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികളായ വിദ്യാർഥികൾക്ക് പൊലീസും കോളജ് മാനേജ്‌മെന്റും കൗൺസിലിങ് നൽകുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.