തൃശൂരില്‍ എംഡിഎംഎ വിറ്റതിന് പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. നെടുപുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിയ കേസിലെ പ്രതിയായ മനക്കൊടി സ്വദേശി ആല്‍വിനാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ബെംഗളൂരുവില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഹോട്ടല്‍മുറിയില്‍ നിന്നും പ്രതി രക്ഷപെടുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പ്രതിയെ തിരയാന്‍ കൂടുതല്‍ പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു.
നെടുപുഴയിലെ വീട്ടില്‍ എംഡിഎംഎ വില്‍ക്കുന്നതായി വിവരം ലഭിച്ചതോടെ ഈ മാസം ആദ്യം ആല്‍വിനെ പിടികൂടാന്‍ പൊലീസ് വാടക വീട്ടിലേക്ക് എത്തിയിരുന്നു. ഉദ്യോഗസ്ഥരെ തള്ളി മാറ്റി സ്ഥലത്ത് നിന്നും രക്ഷപെട്ട ആല്‍വില്‍ ബെംഗളൂരുവിലും ഡല്‍ഹിയിലും ആഴ്ചകള്‍ ഒളിവില്‍ കഴിഞ്ഞു. പിന്നീട് മടങ്ങി തൃശൂരിലെത്തിയതോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി.
തെളിവെടുപ്പിനായി പ്രതിയുമായി ബെംഗളൂരുവിലേക്ക് തിരിച്ച പൊലീസ് രാത്രി ഹൊസൂരിലെ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉറങ്ങിയ സമയത്ത് കട്ടിലിനോട് ചേര്‍ന്ന് ബന്ധിച്ച വിലങ്ങ് അഴിച്ചുമാറ്റിയാണ് പ്രതി രക്ഷപെട്ടതെന്നാണ് സൂചന. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമായി നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വിവരം കര്‍ണാടക പൊലീസിനും കൈമാറിയിട്ടുണ്ട്.