megha-sukanth

ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിന് ഉത്തരവാദിയെന്നു കരുതുന്ന സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ . ഒാഫിസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ട് കണ്ടില്ലെന്ന് പൊലീസ്. ഫോണ്‍ സ്വിച്ച് ഒാഫാണ്. മേഘയെ അവസാനം വിളിച്ചത് സുകാന്ത് എന്ന് ഉറപ്പിച്ചിട്ടുണ്ട്. എട്ട് മിനുട്ട് സംസാരിച്ചു.മേഘയുടെ ശമ്പളം സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും സ്ഥിരീകരിച്ചു. 

Read Also: ‘ശമ്പളം സമ്പാദിച്ചെന്നു കരുതി, അവന്‍ കടകളില്‍ നിന്നും സാധനം വാങ്ങിച്ചതുപോലും മകളുടെ പണംകൊണ്ട്’

മകളുടെ മരണത്തിനു കാരണം സുഹൃത്തുമായുള്ള സൗഹൃദം തന്നെയെന്ന് ഉറച്ചു പറയുകയാണ് മേഘയുടെ കുടുംബം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ അങ്ങേയറ്റം സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ്. മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാല്‍ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

ട്രെയിനിങ് കഴിഞ്ഞതു മുതലുള്ള മേഘയുടെ ശമ്പളത്തിന്റ വലിയൊരു ഭാഗം സുകാന്ത് കൈക്കലാക്കുകയായിരുന്നു. മേഘയുടെ മരണശേഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ തെളിവുകള്‍ കുടുംബത്തിനു കിട്ടിക്കഴിഞ്ഞു. ചില സമയങ്ങളില്‍ ആ പണം തിരിച്ച് കൊടുത്തിട്ടുണ്ടെങ്കിലും പിന്നീട് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത പണമൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും പിതാവ് മധുസൂദനന്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോള്‍ വിവാഹമാലോചിക്കാന്‍ വീട്ടിലേക്ക് വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം പറ്റില്ലെന്നായിരുന്നു അയാളുടെ മറുപടിയെന്നും അച്ഛന്‍ പറയുന്നു. പിതാവിന്റെ ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഇത്തരത്തില്‍ സുകാന്ത് സാമ്പത്തിക ചൂഷണം നടത്തുന്ന വിവരങ്ങളൊന്നും വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു.

മേഘ നാട്ടില്‍ വരുന്നസമയത്തും ജോലി സ്ഥലത്ത് കാണാന്‍ പോകുമ്പോഴും അവള്‍ ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം കുടുംബം തന്നെയാണ് വാങ്ങിച്ചുനല്‍കാറുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ വരുന്നസമയത്ത് ആശുപത്രി ബില്ലുകളടക്കം അടയ്ക്കുന്നതും തങ്ങള്‍ തന്നെയായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ശമ്പളത്തിന്റെ കാര്യങ്ങളൊന്നും ചോദിക്കാറുണ്ടായിരുന്നില്ല, സമ്പാദിക്കട്ടേയെന്ന് കരുതി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഫീസും ഭക്ഷണത്തിന്റെ ചെലവുകളും മകൾ തന്നെയായിരുന്നു നോക്കിയിരുന്നത്.

രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മകൾ വീട്ടിലേക്കു വരികയോ ഞങ്ങൾ അവിടെ പോയി മകളെ കാണുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇതിനിടയിൽ മേഘ പലപ്പോഴും സുകാന്തിനെ കാണാൻ എറണാകുളത്തും ചെന്നൈയിലുമെല്ലാം പോയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. ഐആർസിടിഎസ് വഴി എറണാകുളത്തിനു ട്രെയിൻ ടിക്കറ്റും ചെന്നൈയിലേക്ക് വിമാന ടിക്കറ്റുകളുമെല്ലാം ബുക്ക് ചെയ്തിരിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലുള്ള കടകളിലും മറ്റും മകളുടെ പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയതിന്റെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള മേഘയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നത് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുന്നതെന്നും ശമ്പളം കിട്ടിയ പണമെവിടെ എന്നുചോദിക്കുമ്പോള്‍ വീട്ടില്‍ ചില കാര്യങ്ങള്‍ക്ക് നല്‍കിയെന്നാണ് മേഘ മറുപടി പറഞ്ഞിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

സുകാന്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകൾ ഓഫാണെന്നും അവരെപ്പറ്റി വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് വിവരമെന്നും കുടുംബം പറയുന്നു.പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. യുവതി ട്രെയിനിനു മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

IB officer Sukanth Suresh, a friend who is believed to be responsible for the death of IB officer Megha, is absconding