കോട്ടയം ഏറ്റുമാനൂരിൽ ഷൈനിയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം . നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്.