കിണറ്റില്‍ വീണ കള്ളനായ സുഹൃത്തിനെ രക്ഷിക്കാന്‍ അര്‍ധരാത്രിയില്‍ വാഹന യാത്രികരോട് അഭ്യര്‍ഥന. പാലക്കാട് തൃത്താല പൊലീസും അഗ്നിശമനസേനയുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ തെളിഞ്ഞത് കള്ളന്മാരുടെ കരവിരുതും രക്ഷപ്പെടാനുള്ള വ്യഗ്രതയും. കിണറ്റില്‍ നിന്നും കരയ്ക്കെത്തിച്ച തമിഴ്നാട്ടുകാരായ സുഹൃത്തുക്കള്‍ ചില്ലറ കളവല്ല കേരളത്തിലും അയല്‍നാട്ടിലുമായി നടത്തിയിട്ടുള്ളത്.
തൃശൂരില്‍ നിന്നും ആനക്കര സ്വദേശികള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ വടക്കത്ത് പടിയില്‍ വച്ച് സംശയാസ്പദമായി ഒരാള്‍ നടന്നുപോവുന്നത് ശ്രദ്ധിച്ചു. യുവാക്കള്‍ കാര്യം അന്വേഷിച്ചതോടെയാണ് തന്‍റെ സുഹൃത്ത് കിണറ്റില്‍ വീണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചത്. യുവാക്കള്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിളിച്ച് വരുത്തി കിണറ്റില്‍പ്പെട്ടയാളെ കരയ്ക്കെത്തിച്ചു. കിണറിന്‍റെ കരയില്‍ നാണയത്തുട്ടുകള്‍ കണ്ട പൊലീസിന് സംശയമായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചുരുളഴിഞ്ഞത്.
ആനക്കര ഡയറ്റ് ലാബ് സ്കൂളിന് മുൻവശം ആൾ താമസമില്ലാത്ത രണ്ട് വീടുകളിലാണ് കവര്‍ച്ചയുണ്ടായത്. കരുമാംപുറത്ത് ബാലകൃഷ്ണന്‍റെ വീടിന്‍റെ അടുക്കള ഭാഗത്തെ ഗ്രില്ലിലെ രണ്ടു പൂട്ടുകളും, വാതിലും തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. സമീപത്തെ ബാലകൃഷ്ണന്‍റെ സഹോദരിയുടെ വീട്ടിലും മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇവിടെ രണ്ടാഴ്ച മുന്‍പും മോഷണം ശ്രമം നടന്നിട്ടുണ്ട്. രണ്ടു വീടുകളിലെ അലമാരയും, വസ്ത്രങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിൽ നിന്ന് പണവും, ഒന്‍പതിനായിരം രൂപയുടെ നടരാജ വിഗ്രഹവും, ടോർച്ചും മോഷണം പോയതായി വീട്ടുടമ.
ഇനിയാണ് ട്വിസ്റ്റ്. കിണറില്‍പ്പെട്ടവരെ വിശദമായി ചോദ്യം ചെയ്തതിലൂടെ രണ്ടിടങ്ങളിലെയും കവര്‍ച്ചയുടെ ഉത്തരവാദികള്‍ ആരാണെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശികളായ കരുണാനിധി, ജയരാമൻ എന്നിവരാണ് രണ്ടിടങ്ങളിലും കവര്‍ച്ച നടത്തിയതായി തൃത്താല പൊലീസിനോട് സമ്മതിച്ചത്. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെയാണ് വഴിയറിയാതെ കിണറില്‍പ്പെട്ടതും ഗത്യന്തരമില്ലാതെ നാട്ടുകാരുടെ സഹായം തേടിയതും. കരുണാനിധിയെ തേടി തമിഴ്നാട് പൊലീസും വട്ടം ചുറ്റാന്‍ തുടങ്ങിയിട്ട് നാളേറെയായി. അവിടെയും ചില്ലറ കീശയിലാക്കിയ വിരുതനാണ് കരുണാനിധിയും കൂട്ടാളിയുമെന്ന് പൊലീസ്.