അച്ഛന്‍റെ തോളത്തിരുന്ന് കാഴ്ച കാണുന്ന കുരുന്നിന് ഇതിനപ്പുറം സന്തോഷിക്കാനെന്തു വേണം. കയ്യില്‍ തൂങ്ങി വേലയൊരുക്കത്തിന്‍റെ മണ്ണിലേക്ക് നടന്നടുത്തവര്‍ നാട്ടുകാര്‍ മാത്രമല്ല. അകലെ ദേശങ്ങളിലുള്ളവര്‍ പോലും അടുത്തയിടം പോലെ നെന്മാറയിലെത്തി. ഏറെ നേരം നെന്മാറക്കാരായി. എന്ത് മനോഹരമാണ് നമ്മുടെ നാട്.
നാട്ടിന്‍പുറത്തെ ഒത്തുചേരലും, ആഘോഷവും, പതിനായിരങ്ങള്‍ നിരന്ന കൊയ്ത്ത് മണം മാറിയ നെല്‍പ്പാടത്തുണ്ട് നിറയെ സ്നേഹം പങ്കിടുന്നവര്‍. ഉല്‍സവ അന്തരീക്ഷത്തില്‍ തുടങ്ങി ഉലയാത്ത സൗഹൃദം തേടിയുള്ളവരുടെ വരവ് കൂടിയാവുമ്പോള്‍ വേലയെന്നാല്‍ നെന്മാറ വല്ലങ്ങി തന്നെയെന്ന് കുരുന്നുകള്‍ വരെ.
'മഴ വന്നപ്പോള്‍ ചെറിയൊരു സംശയം തോന്നി പക്ഷേ ഇവിടെ വന്നപ്പോള്‍ നല്ല വൈബാണ്. നല്ല രസമാണ്. ഞങ്ങള്‍ കുടുംബക്കാരെല്ലാരും ഒത്തുചേര്‍ന്നുള്ള വരവാണ്. വളരെ സന്തോഷം നല്‍കുന്നതാണ്' - എസ്.ശ്രേയ, വിദ്യാര്‍ഥിനി
മഴ മാറിനില്‍ക്കും. ഗജവീരന്മാരുടെ നിരയിലും ദീപാലങ്കാരത്തിന്‍റെ വൈവിധ്യത്തിലും നെന്മാറയാണോ, വല്ലങ്ങിയാണോ ഒന്നിനൊന്ന് മികവ് കൂട്ടിയവരെന്ന സംശയം തോന്നാം. കാത്തുനിന്നിവര്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. പരിഭ്രമത്തോടെ ദൂരേക്ക് നോക്കുന്ന കുരുന്നിന് വരെ.
നെന്മാറയില്‍ ഇത്തവണത്തെ വേലയ്ക്ക് പരിസമാപ്തിയായി. ദൂരെ ദിക്ക് തേടിയെത്തിയവര്‍ വീട്ടിലെത്തിയാലുടന്‍ കലണ്ടറില്‍ കുറിക്കും. അടുത്ത വേലയ്ക്ക് ഇനി 364 നാള്‍. ഉല്‍സവപ്പൊലിമയില്‍ മാനത്തേക്ക് പറന്നുയരുന്ന ബലൂണ്‍ വര്‍ണങ്ങള്‍ പോലെ. നിറയെ സ്വപ്നം തീര്‍ത്ത വേലയുടെ ഓര്‍മകളുള്ള നേരമത്രയും.