സൂക്ഷിക്കാനേൽപ്പിച്ച 80 പവൻ സ്വർണം സഹോദരിയുടെ മകൾ കൈക്കലാക്കിയെന്ന പരാതിയുമായി 73 കാരി. പത്തനംതിട്ട വാഴമുട്ടം സ്വദേശി റോസമ്മ ദേവസി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപം. അതേസമയം ഒത്തുതീർപ്പാക്കാൻ സമയം നൽകിയതാണെന്നും കേസെടുക്കുമെന്നും പത്തനംതിട്ട പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബർ 20ന് മകളെ കാണാൻ വിദേശത്തേക്ക് പോയപ്പോഴാണ് റോസമ്മ ദേവസി സഹോദരി സാറാമ്മ മത്തായിയെ സ്വർണാഭരണം സൂക്ഷിക്കാൻ ഏൽപ്പിച്ചത്. 80 പവൻ സ്വർണം ഉണ്ടായിരുന്നു. ജനുവരി 20ന് തിരിച്ചെത്തി തിരികെ ചോദിച്ചപ്പോൾ സ്വർണ്ണം കൈവശമില്ലെന്നായിരുന്നു സഹോദരിയുടെ മറുപടി. പിന്നീട് മകൾ സിബി എടുത്തെന്ന് തുറന്നുപറഞ്ഞു.
ഫെബ്രുവരി പകുതിയോടെ റോസമ്മ സഹോദരിക്കും മകൾക്കുമെതിരെ പൊലീസിൽ പരാതി നൽകി. നാലുദിവസത്തിനുള്ളിൽ പത്തു പവൻ സ്വർണം തിരികെ കിട്ടി. ബാക്കി സ്വർണം മാർച്ച് അഞ്ചിന് തരാം എന്നായിരുന്നു ഉറപ്പ് നൽകിയത്. എന്നാൽ ഏപ്രിലായിട്ടും സ്വർണ്ണം തിരികെ ലഭിക്കാതെ വന്നതോടെയാണ് റോസമ്മ വീണ്ടും സ്റ്റേഷനിലെത്തിയത്.
അതേസമയം സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തിയെന്ന് സിബി സമ്മതിച്ചു. സ്വർണം തിരികെ നൽകാൻ സമയം വേണമെന്നാണ് ആവശ്യം. സിബി കാസർഗോഡ് ഉള്ള സുഹൃത്തിന് സ്വർണ്ണം കൈമാറി എന്നാണ് വിവരം. ഇരുവരും തമ്മിൽ ഒത്തുതീർപ്പിലേക്ക് പോയതിനാലാണ് കേസെടുക്കാതിരുന്നതെന്നും റോസമ്മയുടെ മൊഴിയെടുത്തത് കേസ് വിശദമായി അന്വേഷിക്കാൻ തയ്യാറാണെന്നും പൊലീസ് പറഞ്ഞു.