തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. മധുരയില്‍ 29 വയസുകാരനായ കുപ്രസിദ്ധ ഗുണ്ട സുഭാഷ് ചന്ദ്രബോസാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കാളീശ്വരന്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സുഭാഷിനെ തിരയുന്നുണ്ടായിരുന്നു. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് കോണ്‍സ്റ്റബിള്‍മാരെ ഇയാള്‍ ആക്രമിച്ചു. സുഭാഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
പൊലീസിന് നേരെ കയ്യില്‍ കരുതിയ തോക്ക് കൊണ്ട് വെടിവയ്ക്കുകയും ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ വെടിയേറ്റ സുഭാഷിനെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലെ വൈരാഗ്യത്തെ തുടര്‍ന്നാണ് കാളീശ്വരനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞമാസം 23നായിരുന്നു കാളീശ്വരന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പൊലീസ് സുഭാഷ് ഉള്‍പ്പെടെ ഉള്ളവരെ തിരയുകയായിരുന്നു. കഞ്ചാവുമായി ഒരു സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. സുഭാഷാണ് തങ്ങള്‍ക്ക് കഞ്ചാവ് നല്‍കിയതെന്ന് ഇവര്‍ അറിയിച്ചു. തുടര്‍ന്ന് ചെക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഭാഷിനെ കണ്ടെത്തിയത്. സുഭാഷിനെതിരെ 21 കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞയാഴ്ചയും തമിഴ്നാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.