വിവാദ സഖാവ് രാജേഷ് കൃഷ്ണനെ പാർട്ടി കോൺഗ്രസിൽ വേദിയിൽ നിന്നും മടക്കി അയച്ചു സിപിഎം. പാർട്ടി കോൺഗ്രസിന് യു.കെയിൽ നിന്നെത്തിയ പ്രതിനിധിയായ രാജേഷ് കൃഷ്ണനെ പാർട്ടിക്ക് ലഭിച്ച് പരാതിയെ തുടർന്നാണ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. കേന്ദ്ര കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷ് കൃഷ്ണയെ തിരിച്ചയക്കാൻ സംഘടനാ ചുമതലയുള്ള എം.എ ബേബി നിർദ്ദേശിച്ചത്.
ബേബി തന്നെ ഇക്കാര്യം രാജേഷിനോട് പറഞ്ഞതാണ് വിവരം. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ നടപടി. സിനിമാ നിർമ്മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ സജീവമായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി എത്തിയത്. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിലാണ് സ്ഥിര താമസം. കേരളത്തിലെ പല നേതാക്കൾക്കും ലണ്ടൻ യാത്രയിൽ സഹായിയാണ് രാജേഷ്. പി വി അൻവറുമായുള്ള ബന്ധം പാർട്ടിക്കുയിൽ ചർച്ചയായിരുന്നു.
സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാണിച്ച് സംവിധായികയുടെ ഭർത്താവ് പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇത് ഉൾപ്പെടെ രാജേഷിനെതിരായ പരാതികൾ കേന്ദ്ര കമ്മിറ്റിക്ക് മുൻപിലെത്തിയിരുന്നു. പി.വി അൻവറിനു വേണ്ടി ഓൺലൈൻ മാധ്യമപ്രവർത്തകനെ മർദ്ദിച്ച രാജേഷ് പാർട്ടി സഖാക്കളുടെ കൈയ്യടി മുൻപ് നേടിയിരുന്നു.
പാർട്ടി കോൺഗ്രസിന് വരുന്ന പ്രതിനിധിയെ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത് പാർട്ടിക്കുള്ളിൽ തെറ്റ് തിരുത്തൽ നടപ്പാക്കുന്നതിന്‍റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. ബ്രിട്ടൻ സെക്രട്ടറിയായ ഹർസേവ് ആയിരുന്നു ലണ്ടനിൽ നിന്നുള്ള മറ്റൊരു പ്രതിനിധി. ഇദ്ദേഹം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.