വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്ത ആദിവാസി കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ. 18 വയസ് തികയാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ ഗോകുലിനെ 18 വയസുകാരനാക്കി പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായി. പ്രായം തെളിയിക്കുന്ന ഗോകുലിൻ്റെ സ്കൂൾ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ആധാർ കാർഡ് പ്രകാരവും സ്കൂൾ രേഖകൾ പ്രകാരവും ഗോകുലിന്റെ ജനത്തീയതി 2007 മേയ് 30 ആണ്. ഇതനുസരിച്ച് നിലവിൽ ഗോകുലിന് 17 വയസ്സും 10 മാസവുമേ ആയിട്ടുള്ളു. 18 വയസ്സ് തികയാൻ ഇനിയും രണ്ടു മാസം കൂടി ഉണ്ട്. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗോകുലിന്റെ ജനനവർഷം മാത്രമേ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളു. തീയതിയും മാസവും രേഖപ്പെടുത്താത്തത് ഗോകുലിന്റെ പ്രായം മറച്ചു വയ്ക്കാനാണന്നും പോക് സോ കേസിൽ പ്രതി ചേർക്കുകയായിരുന്നു ഉദ്ദേശമെന്നും ആരോപണമുണ്ട്.
തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്‌റ്റഡിയിലെടുത്ത ഗോകുലിനെ നടപടിക്രമങ്ങൾ പാലിക്കാതെ രാത്രിയിലുടനീളം സ്‌റ്റേഷനിലിരുത്തിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെയുള്ളവരുടെ മൊഴി അന്വേഷണ സംഘമെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗോകുലിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് സംസ്കരിക്കും .ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.