എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍, ദുരൂഹത ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. അമിതയുടെ മാതാപിതാക്കള്‍ ഗാർഹിക പീഡന പരാതി നല്‍കിയതോടെ വീട് പൊലീസ് മുദ്രവച്ചു. കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. അമിതയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായും പരാതിയുണ്ട്. അഖിലും അമിതയും തമ്മില്‍ ഞായറാഴ്ച്ച വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണ് മകൾ മരിച്ചതെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എൽസമ്മയും പറയുന്നു.
ഏപ്രിൽ പകുതിയോടെ അമിതയുടെ പ്രസവത്തീയതി നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് അവര്‍ ജീവനൊടുക്കിയത്. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ദീർഘകാലം പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നാലര വർഷം മുൻപായിരുന്നു വിവാഹം. സൗദിയിൽ നഴ്‌സായിരുന്ന മകളുടെ സമ്പാദ്യവും സ്വർണവും എല്ലാം അഖിൽ നശിപ്പിച്ചെന്നാണ് അമിതയുടെ മാതാപിതാക്കളുടെ ആരോപണം. ഒരു വർഷം മുൻപാണ് സൗദിയിൽ നിന്നും അമിത നാട്ടിലെത്തിയത്.
അനേയയെയും അന്നയെയും അനാഥാലയത്തിൽ വിട്ടാലും അഖിലിന്റെ കുടുംബത്തിന് അവരെ കൊടുക്കരുതെന്നാണ് അമിത മരിക്കുന്നതിന് മുൻപ് ഫോണിൽ വിളിച്ച് പറഞ്ഞതെന്ന് അമിതയുടെ മാതാവ് എൽസമ്മ പറയുന്നു. കൂട്ടുകാർ കൂടിയുള്ള മദ്യപാനത്തിന് ശേഷം വീട്ടിലെത്തി അഖിൽ അമിതയെ മർദിക്കുന്നത് പതിവായിരുന്നുവെന്നും എൽസമ്മ വ്യക്തമാക്കി.