TOPICS COVERED

ഇടുക്കിയിലെ അനധികൃത ഖനനം തടയാൻ പൊലീസ് നടത്തിയ പരിശോധനയിൽ കരിങ്കല്ല് കടത്തിയ 14 ലോറികൾ പിടിയിൽ. പിടികൂടിയ ലോറികൾക്ക് മതിയായ രേഖകൾ ഇല്ല. കമ്പംമെട്ടിൽ കരിങ്കല്ലുമായി എത്തിയ തമിഴ്നാട് ലോറി ഡ്രൈവർക്ക് മർദ്ദനമേറ്റു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് തൊടുപുഴയിൽ നിന്നും 14 ലോറികൾ കസ്റ്റഡിയിലെടുത്തത്. പാസും ബില്ലുമില്ലാതെ കരിങ്കല്ല് കടത്തിയതിന് ലോറി ഉടമകളിൽ നിന്നും പിഴയിടാക്കും. വാഹനങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ കരിങ്കല്ല് കടാത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. അനധികൃത ഖനനം തടയാൻ ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധന നടത്തി വരികയാണ്. 

പാസ് ലഭിക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് തമിഴ്നാട്ടിൽ നിന്ന് ലോറിയുമായെത്തിയ ഡ്രൈവർ കറുപ്പുസാമിക്ക് മർദ്ദനമേറ്റത്. കമ്പംമെട്ട് എട്ടേക്കറിൽ വെച്ച് ലോറി തടയുകയും ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്‌തു. പരുക്കേറ്റ കറുപ്പുസാമി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ അനധികൃത ഖനനത്തിൽ ആദ്യ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി അനീഷ് ജോസഫിനെതിരെയാണ് കേസെടുത്തത്. അനീഷ് സർക്കാർ ഭൂമിയിൽ നിന്ന് പാറ പൊട്ടിച്ചു കടത്തിയെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു. ജില്ലയിലെ അനധികൃത ഖനനം തടയാൻ റവന്യൂ വകുപ്പ് പരിശോധന തുടരുകയാണ്