ഗിന്നസ് റെക്കോർഡ് നേടിയ രണ്ട് ഇത്തിരി കുഞ്ഞൻമാരെയാണ് ഇനി കാണാൻ പോകുന്നത്. ഇടുക്കി കുട്ടിക്കാനം സ്വദേശിയും അധ്യാപകനുമായ ലിനു പീറ്റർ വളർത്തിയ പെണ്ണാടും കുട്ടിയുമാണ് ആ വമ്പൻമാർ. പ്രസവിച്ച ഏറ്റവും ചെറിയ ആടെന്ന ഗിന്നസ് റെക്കോർഡാണ് ഇവരെ തേടിയെത്തിയത്
ഈ ഇത്തിരികുഞ്ഞൻ ആടുകളാണ് ഇപ്പോൾ ലിനുവിന്റെ കുടുംബത്തിന്റെയും സന്തോഷം. 40 സെന്റീമീറ്റർ മാത്രമാണ് നാലുവയസ് പൂർത്തിയായ പെണ്ണാടിന്റെ ഉയരം. കഴിഞ്ഞ ജൂലൈയിലാണ് ഈ ഇത്തിരി കുഞ്ഞന് ജന്മം നൽകിയത്. കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ട ഒരു ജോഡി ആടുകളെ 15 വർഷം മുമ്പാണ് ലിനു വാങ്ങിയത്. ഇപ്പോൾ 28 ആടുകളാണ് സമ്പാദ്യം.
ഗിന്നസ് അധികൃതർ നൽകിയ നിയമാവലി അനുസരിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രായം ബ്രീഡ് അളവുകൾ എല്ലാം രേഖപ്പെടുത്തിയത്. ഇത്തിരി കുഞ്ഞൻ ആടുകൾക്ക് പുറമേ വിവിധ പക്ഷിമൃഗാദികൾ ലിനുവിന്റെ ഫാമിലുണ്ട്. ഭാര്യ അനുവും മക്കളായ ലൂദും, ലിനെറ്റും ചേർന്നാണ് ഇവയുടെ പരിപാലനം. വീണ്ടും നിറവയറുമായി ഒരു കുഞ്ഞനായുള്ള കാത്തിരിപ്പിലാണ് പെണ്ണാട്. ആ ഇത്തിരി കുഞ്ഞനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലിനുവും കുടുംബവും