വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനില്‍ ആണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക പ്രതികരണങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ ഗോകുലിനെ പൊലീസ് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി നാട്ടുകാരടക്കം രംഗത്തെത്തി. 

ഗോകുലിനെ കൈയില്‍ക്കിട്ടിയാല്‍ പുറംലോകം കാണിക്കില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് നാട്ടുകാരടക്കം പറയുന്നത്. ഗോകുലിനെയും പെണ്‍കുട്ടിയെയും കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഇവിടെ അന്വേഷണത്തിനെത്തി. കല്‍പറ്റ പൊലീസാണോ അമ്പലവയല്‍ പൊലീസാണോ വന്നതെന്നറിയില്ല. അവനെ കൈയില്‍ക്കിട്ടിയാല്‍ വെറുതേ വിടില്ല, പുറംലോകം കാണിക്കില്ലെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാരിയായ യുവതി പ്രതികരിച്ചു.

ഗോകുല്‍, ധരിച്ചിരുന്ന ഷര്‍ട്ടില്‍ തൂങ്ങിമരിച്ചുവെന്നു പറയുന്നത് വിശ്വാസിക്കാനാവില്ല. ഷര്‍ട്ടില്‍ എങ്ങനെയാണ് തൂങ്ങിമരിക്കുക? എന്ന ചോദ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു. ‘ഞങ്ങളുടെ കുട്ടി പോയി. ഗോകുലിന് നീതികിട്ടണം എന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ഉത്തര മേഖലാ ഡിഐജിക്ക് റിപ്പോർട്ട് കൈമാറി. സംഭവസമയത്ത് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ടിലുണ്ട്.

ഗോകുൽ ശുചിമുറിയിലേക്ക് പോകുമ്പോൾ കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും, 18 വയസ്സുകാരനാക്കിയാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ജനനത്തീയതി അനുസരിച്ച് ഗോകുലിന് 17 വയസും 10 മാസവുമേ ആയിരുന്നുള്ളു. ഇത് മറച്ചുവച്ച പൊലീസ് 18 വയസ് ആക്കിയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ‌‌‌‌‌

പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് റജിസ്റ്റ‌ർ ചെയ്ത‌ എഫ്ഐആറിൽ ഗോകുലിന്റെ ജനനവർഷം മാത്രമേ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളു. തീയതിയും മാസവും രേഖപ്പെടുത്താത്തത് ഗോകുലിന്റെ പ്രായം മറച്ചു വയ്ക്കാനാണന്നും പോക്സോ കേസിൽ പ്രതി ചേർക്കുകയായിരുന്നു ഉദ്ദേശമെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്‌റ്റഡിയിലെടുത്ത ഗോകുലിനെ നടപടിക്രമങ്ങൾ പാലിക്കാതെ രാത്രിയിലുടനീളം സ്‌റ്റേഷനിലിരുത്തിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

ENGLISH SUMMARY:

In a critical development regarding the suicide of a young man at the Kalpetta Police Station in Wayanad, significant reactions have emerged. Following initial reports suggesting police negligence, locals, including those close to the victim, have raised allegations that the police threatened Gokul before his death. These claims have intensified scrutiny over the police's handling of the case.