കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സ്വകാര്യ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍. ഇരിക്കൂര്‍ സ്വദേശിനി റഫീന (24), കണ്ണൂര്‍ സ്വദേശിനി ജസീന (22), മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37) എന്നിവരെ തളിപ്പറമ്പ് എക്സൈസാണ് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടി. പെരുന്നാള്‍ ദിവസം സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീടുവിട്ട യുവതികള്‍ പലസ്ഥലങ്ങളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു.
ഇരുവരുടെയും വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ വിളിക്കുമ്പോള്‍ കൂട്ടുകാരിയുടെ വീട്ടിലാണെന്ന് അറിയിക്കാന്‍ ഇവര്‍ പരസ്പരം ഫോൺ കൈമാറി. കൂട്ടുകാരിയെകൊണ്ട് സംസാരിപ്പിച്ച് അവളുടെ വീട്ടിലാണെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. എക്സൈസ് ഉദ്യോഗസ്ഥർ വിളിച്ചറിയിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നു താമസമെന്ന് ഇരുവീട്ടുകാരും അറിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.