തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയുമായി രോഗി രംഗത്ത്. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ബ്ലോക്ക്പടി സ്വദേശി സുനിലാണ് പരാതിക്കാരന്‍. ചികിത്സപ്പിഴവ് കാരണം മുറിവിന്‍റെ കെട്ടഴിച്ച് വീണ്ടും തുന്നിക്കെട്ടേണ്ടി വന്നു എന്നാണ് സുനിൽ പറയുന്നത്.
ഞായറാഴ്ച വൈകിട്ടാണ് റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിന് രക്തസമ്മർദ്ദം കുറഞ്ഞ് തലകറങ്ങി വീണ് നെറ്റിയിൽ പരിക്കുപറ്റിയത്. വൈകിട്ട് ഏഴു മണിയോടെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സിടി സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അങ്ങോട്ടേക്ക് പോകുംവഴി മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായി. സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചപ്പോള്‍ കണ്ടതാകട്ടെ മുറിവില്‍ രണ്ട് ഉറുമ്പുകളെ.
പിന്നാലെ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടിയിരുന്ന മുറിവിന്‍റെ കെട്ടഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും മുറിവ് തുന്നിവയ്ക്കുകയായിരുന്നു. മൂന്നര മണിക്കൂറിനിടെ രണ്ടുതവണ സുനിലിന് നെറ്റിയിലെ മുറിവ് തുന്നിക്കെട്ടേണ്ടി വന്നു. തുന്നിക്കെട്ടിയ ഭാഗത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സാ രേഖയിൽ കുറിച്ചിട്ടുണ്ട്.
റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണ് ഉറുമ്പുകളെ കണ്ടെത്തിയതിന് പിന്നിൽ എന്നാണ് സുനിലും കുടുംബവും പറയുന്നത്. ആശുപത്രി ആർഎംഒയെ നേരിൽ കണ്ട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. എങ്കിലും സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം എന്നും അറിയുന്നു.