ഹോളി രാത്രിയില്‍ നിയന്ത്രണം വിട്ട് കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് . ഗുജറാത്തിലെ വഡോദരയിലുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 7പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന രക്ഷിത് ചൗരാസിയയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത് . ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.
അമിതവേഗത്തില്‍ ആള്‍ക്കൂട്ടിത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ രണ്ട് ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം റോഡിലൂടെ 'ഇനിയും ഒരു റൗണ്ട്, ഇനിയും ഒരു റൗണ്ട്, ഓം നമഃശിവായ' എന്ന് വിളിച്ച് അലക്ഷ്യമായി നടക്കുന്ന ചൗരസിയയുടെ വിഡിയോ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാറിടിച്ച് ഒട്ടേറെപേര്‍ നിലത്ത് കിടക്കുന്നതും കാറില്‍ നിന്ന് ഒരു യുവാവ് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബറോഡയില്‍ നിയമവിദ്യാര്‍ഥിയായ പ്രതി അപകടത്തിന് ശേഷം താന്‍ മദ്യപിച്ചിരുന്നില്ലെന്നും 50 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും എയര്‍ ബാഗുകള്‍ അപ്രതീക്ഷിതമായി തുറന്നുവന്നതിനാല്‍ കാര്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. അന്ന് ശേഖരിച്ച രക്തസാമ്പിളിലാണ് ഇയാള്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.