teena-family

TOPICS COVERED

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്‌സുമാരായ രണ്ട് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. വയനാട് സ്വദേശികളായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം.

saudi-accident

നാലു മാസങ്ങൾക്കു മുൻപ് നാട്ടിലെത്തി വിവാഹം ഉറപ്പിച്ച് തിരിച്ചു പോയ ടീനയുടെ മരണ വിവരം ഞെട്ടലോടെയാണ് നാടറിഞ്ഞത്. വിവരമറിഞ്ഞ് രാവിലെ മുതൽ നാട്ടുകാർ നെയ്ക്കുപ്പയിലെ ടീനയുടെ കാരിക്കുന്ന് വീട്ടിലേക്ക് എത്തിയിരുന്നു. ടീനയുടെ പിതാവ് ബൈജു വരുന്നവരോട് ഒരു വാക്കു പോലും മിണ്ടാനാവാതെ നെഞ്ചുപൊട്ടുന്ന വേദനയിൽ, പണി തീരാത്ത വീടിനു മുന്നിലിരുന്നു. അമ്മ നിസിയും സഹോദരി ട്വിങ്കിളും കരഞ്ഞു തളർന്നു.

ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ‍ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചയോടെ സൗദി മലയാളി അസേസിയേഷനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഡിഎൻഎ പരിശോധനഅഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഡിഎൻഎ പരിശോധനാ ഫലം വേണ്ടിവരുമെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. മൃതദേഹങ്ങൾ വിട്ടുകിട്ടാൻ കുടുംബത്തിലെ ആരുടെയെങ്കിലും ഡിഎൻഎ ഫലം സൗദി ഭരണകൂടം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ കൈവശമുള്ള, അഖിലിന്റെ പാസ്പോർട്ടിന്റെ പകർപ്പ് വ്യക്തമല്ലാത്തതിനാൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു വ്യക്തമായ പകർപ്പ് ലഭിക്കേണ്ടതുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

ENGLISH SUMMARY:

In a tragic incident in Saudi Arabia, five people, including two Malayali nurses, were killed in a vehicle collision in the Al Ula region. Among the victims were Akhil Alex and Tina, both from Wayanad. The accident occurred about 150 kilometers away from Al Ula while they were returning from a visit. Tina, a nurse at the Cardiac Centre in Madinah, was on her way back to her homeland when the crash took place. Akhil, who had recently arrived in Saudi Arabia from London, was planning to marry Tina. They were set to return home together and wed when this tragic incident occurred.