ബെംഗളുരുവിൽ നിന്ന് ബസിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ചേർത്തല പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി സുഭാഷ് എന്നയാളെ അറസ്റ്റ് ചെയ്തു. അതേ സമയം ആലപ്പുഴയിലെ ഹോംസ്റ്റേകളിലും ലോഡ്ജുകളിലും എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് കുറഞ്ഞ അളവിൽ കഞ്ചാവ് കണ്ടെത്തി.
ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന സ്വകാര്യ ബസിൽ എംഡിഎംഎ കടത്തുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ചേർത്തല ദേശീയ പാതയിൽ പൊലീസ് പരിശോധന. ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിലാണ് സുഭാഷ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു 100 ഗ്രാം രാസലഹരി പിടിച്ചെടുത്തു. പിടിയിലായ കായംകുളം കൃഷ്ണപുരം സ്വദേശി സുഭാഷാണ് ബംഗളൂരുവിൽ നിന്നു ആലപ്പുഴയിലേക്ക് എംഡിഎംഎ കൊണ്ടുവരുന്ന പ്രധാന കാരിയർമാരിൽ ഒരാൾ.
അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയും ജീൻസിന്‍റെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറുകളിലുമായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കൃഷ്ണപുരത്താണ് സുഭാഷിന്‍റെ വീടെങ്കിലും ബെംഗളുരുവിലാണ് സ്ഥിര താമസം. മാസങ്ങളായി ഇയാൾ ലഹരിമരുന്ന് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.