thiruvallam-police

തിരുവനന്തപുരത്ത് ഗുണ്ടാനേതാവില്‍ നിന്ന് പിടികൂടിയ ഹഷീഷ് ഓയില്‍ മുക്കിയ  എസ്.ഐക്കെതിരെ നടപടി. തിരുവല്ലം എസ്.ഐയെ സ്ഥലംമാറ്റാനും വകുപ്പുതല അന്വേഷണം നടത്താനും തീരുമാനം. തൊണ്ടിമുതല്‍ മഹസറില്‍ ചേര്‍ക്കാത്തതില്‍ എസ്.ഐക്ക് വീഴ്ചയെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതോടെയാണ് നടപടി.

തലസ്ഥാനത്തെ ഗുണ്ടാനേതാവായ പൊക്കം ഷാജഹാനും സംഘവും താമസിച്ച വീട്ടില്‍ നിന്ന് ലഹരി പിടിച്ച കേസിലായിരുന്നു തിരുവല്ലം പൊലീസിന്‍റെ അട്ടിമറി നീക്കം. കഞ്ചാവും എം.ഡി.എം.എയും ഹഷീഷ് ഓയിലും എയര്‍ഗണും പിടിച്ചെങ്കിലും ഹഷീഷ് ഓയില്‍ രേഖകളില്‍ ഉള്‍പ്പെടുത്താതെ മുക്കുകയാണ് എസ്.ഐ ചെയ്തത്. ലഹരി കടത്താനുപയോഗിച്ച രണ്ട് കാറുകള്‍ ഡാന്‍സാഫ് സംഘം കൈമാറിയിട്ടും ആദ്യം ഒരെണ്ണം മാത്രമേ മഹസറില്‍ ഉള്‍പ്പെടുത്തിയുള്ളു. ഇക്കാര്യം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ എ.ഡി.ജി.പി മനോജ് എബ്രഹാം ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചു. ‌

തിരുവനന്തപുരം ഡി.സി.പി നഗുല്‍ ദേശ്മുഖ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിയെ മനപ്പൂര്‍വം സഹായിക്കാനുള്ള ശ്രമമല്ലെന്നാണ് ഡി.സി.പിയുടെ റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ സസ്പെന്‍ഷന്‍ പോലുള്ള കടുത്ത നടപടി ഒഴിവാക്കി സ്ഥലംമാറ്റം മാത്രമാക്കിയത്. തുടര്‍ അന്വേഷണത്തിനായി ഫോര്‍ട് എ.സി.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ENGLISH SUMMARY:

A senior police officer in Thiruvananthapuram has been transferred and an internal inquiry is underway after it was found that he had failed to include hashish oil seized from a gangster's residence in official records. The officer allegedly tampered with evidence and showed negligence in handling a narcotics case involving a local gangster.