വിരമിച്ച, ഉന്നത പട്ടാള ഉദ്യോഗസ്ഥനെ ഡേറ്റിങ്ങിന് കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതി പണം കവര്‍ന്നെന്ന് പരാതി. യുപി ഗുരുഗ്രാമിലാണ് 59കാരനായ റിട്ട. കേണലിനെ ഭീഷണിപ്പെടുത്തി യുവതി പണം കവര്‍ന്നത്. മുന്‍ പട്ടാളക്കാരന്‍ വീണ്ടുമൊരു വിവാഹത്തിനായി വിവാഹ പ്ലാറ്റ്ഫോമുകളില്‍ പരക്കെ അന്വേഷണം നടത്തിയിരുന്നു. പല സ്ത്രീകള്‍ക്കും ഇയാള്‍ റിക്വസ്റ്റും അയച്ചു. റിക്വസ്റ്റിന് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ പ്രതികരിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 11ന് യുവതി പരാതിക്കാരനുമായി ഒരു കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഥുര ബര്‍സാനയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും പ്രശസ്തമായ രാധാറാണി ക്ഷേത്രമടക്കം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഒരു പകല്‍ മൊത്തം കറങ്ങിനടന്ന ശേഷം വൈകുന്നേരം യുവതി പെട്ടെന്ന് പരാതിക്കാരനോട് തന്‍റെ സഹോദരന് അപകടം സംഭവിച്ചെന്ന് പറയുകയും ഉടനെ സമീപത്തുള്ള ബസ്റ്റോപ്പില്‍ തന്നെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ബസ്റ്റോപ്പില്‍ എത്തിയ ഉടന്‍ അവിടേക്ക് ഒരു എസ്‌യുവി എത്തുകയും യുവതി പരാതിക്കാരനോട് വാഹനത്തിനകത്ത് കയറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വാഹനത്തിനകത്ത് കയറിയ റിട്ട. കേണല്‍ കണ്ടത് ആയുധധാരികളായ പത്തിലധികം യുവാക്കളെയാണ്. കേണലിനെ നഗരത്തില്‍ നിന്നും വിട്ട് പ്രാന്തപ്രദേശത്തെത്തിച്ച സംഘം ഇയാളെ മര്‍ദിക്കുകയും തോക്ക് ചൂണ്ടി നഗ്നവിഡിയോ പകര്‍ത്തുകയുമായിരുന്നു. തങ്ങള്‍ക്ക് ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ ഈ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കൂടാതെ കേണലിന്‍റെ ഫോണില്‍ നിന്ന് നമ്പറുകള്‍ കൈക്കലാക്കി അടുത്ത ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി ഉടന്‍ പണം അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കള്‍ പണം അയച്ചുനല്‍കി. ഇതിന് പിന്നാലെ കേണലിന്‍റെ സ്വര്‍ണമാലയും 12,000 രൂപയും ഫോണും ഡെബിറ്റ് കാര്‍ഡും സംഘം കവര്‍ന്നു.
ഇത് താന്‍ രണ്ടാമത്തെ പ്രാവശ്യമാണ് വിവാഹം കഴിക്കാന‍് ശ്രമിക്കുന്നതെന്നും തനിക്ക് രണ്ട് ലക്ഷത്തോളം പണം നഷ്ടമായെന്നും മുന്‍ സൈനികന്‍ പറഞ്ഞു. 17.5 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും എന്നാല്‍ പങ്കാളിയെ തിരയാന്‍ ശ്രമിച്ച് ഇത്തരമൊരു തട്ടിപ്പില്‍ പെട്ടുപോകുമെന്ന് കരുതിയില്ലെന്നും കേണല്‍ കുട്ടിച്ചേര്‍ത്തു. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മുന്‍ സൈനികന്‍ പൊലീസില്‍ പരാതിയുമായെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.