എട്ടുവയസുകാരന്‍റെ കടിയേറ്റ് പത്ത് വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശരീരത്തിന്‍റെ പല ഭാഗങ്ങളില്‍ കടിയേറ്റ് അമിതമായ രക്തസ്രാവത്തിലൂടെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയപ്പോഴാണ് സംഭവം നടന്നത്. വീട്ടില്‍ കുട്ടി ഒറ്റക്കായിരുന്നു. അയല്‍വാസിയായ എട്ടുവയസുകാരന്‍ ഈ സമയം കളിക്കാനായി എത്തി. ഇതിനിടക്ക് കുട്ടികള്‍ തമ്മില്‍ വഴക്കാവുകയും എട്ടുവയസുകാരന്‍ പത്തുവയസുകാരന്‍റെ മേലാകെ കടിക്കുകയുമായിരുന്നു. സ്വകാര്യഭാഗത്ത് ഉള്‍പ്പെടെയാണ് കുട്ടിക്ക് കടിയേറ്റത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. വസ്ത്രമില്ലാതെ ബോധരഹിതനായാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മേല്‍ വെള്ളമൊഴിച്ച് ഒരു ഷീറ്റ് കൊണ്ട് മറച്ചതിനുശേഷമാണ് എട്ടുവയസുകാരന്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടത്. അയല്‍ക്കാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പിന്നീട് ജാന്‍സി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അമിതമായ രക്തം നഷ്ടപ്പെട്ട കുട്ടി മരിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തുവെന്നും കുട്ടിയെ സര്‍ക്കാരിന്‍റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും എഎസ്പി അനില്‍ കുമാര്‍ പറഞ്ഞു.