തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥയെ ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഐ.ബി ഉദ്യോഗസ്ഥയ്ക്ക് ലഭിക്കുന്ന ശമ്പളം പൂര്‍ണമായി സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത് കൂടാതെ ആര്‍ഭാടത്തിനുള്ള പണവും വാങ്ങിയിരുന്നത് യുവതിയില്‍ നിന്ന് തന്നെ.
രാജസ്ഥാനിലെ ജോധ്പൂരിലെ പരിശീലനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പരിശീലനം കഴിഞ്ഞ ശേഷം ഇരുവരും നാല് ദിവസം ജോധ്പൂരില്‍ തന്നെ താമസിച്ചു. ഇവിടെ വെച്ചാണ് ആദ്യമായി ലൈംഗിക ചൂഷണം നടന്നതെന്നാണ് കരുതുന്നത്. സ്വന്തം താല്‍പര്യത്തിന് ഉപയോഗിക്കാനെടുത്ത മുറിയുടെ വാടകപോലും സുകാന്ത് കൊടുപ്പിച്ചത് ഐ.ബി ഉദ്യോഗസ്ഥയെ കൊണ്ടുതന്നെയായിരുന്നു.
പിന്നീട് നാട്ടില്‍ തിരിച്ചെത്തികഴിഞ്ഞപ്പോള്‍ യുവതിക്ക് തിരുവനന്തപുരത്തും സുകാന്തിന് കൊച്ചിയിലുമായിരുന്നു ജോലി. എങ്കിലും ഇടക്കിടെ യുവതിയെ സുകാന്ത് താന്‍ താമസിക്കുന്ന കൊച്ചിയിലെ വാടകവീട്ടിലേക്ക് വിളിച്ചിരുന്നു. ആ സമയത്തെ ചെലവും വഹിച്ചത് യുവതി തന്നെ. ഇതുകൂടാതെ ചെന്നൈയിലേക്കും ഇവര്‍ യാത്ര പോയിട്ടുണ്ട്. അന്ന് താമസിച്ച മുറിയുടെ വാടകയും കൊടുത്തത് യുവതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇത് കൂടാതെ യുവതിയുടെ അക്കൗണ്ടില്‍ നിന്നായി മൂന്നേകാല്‍ ലക്ഷത്തോളം രൂപ എട്ട് മാസം കൊണ്ട് സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറം ഇടപ്പാളിലെ സമ്പന്ന കുടുംബത്തിലെ ഏക മകനാണ് സുകാന്ത്. എന്നിട്ടും യുവതിയില്‍ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നത് വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് പൊലീസ് ഉറപ്പിക്കുന്നു.